V D SATHEESAN| വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണം; പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

Jaihind News Bureau
Tuesday, August 5, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി.

ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി ചെയ്യേണ്ട പേര് ചേര്‍ക്കല്‍, തിരുത്തല്‍, ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് പേര് മാറ്റുന്നത് അടക്കമുള്ള പ്രക്രിയകള്‍ക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക തകരാര്‍ മൂലം തടസം നേരിട്ടിരുന്നു. പേര് ചേര്‍ക്കാനുള്ള അവസാന തീയതി അടുക്കുമ്പോള്‍ സാങ്കേതിക തകരാര്‍ രൂക്ഷമായിരിക്കുകയാണ്.

പല സ്ഥലങ്ങളിലും വെബ്‌സൈറ്റ് ഹാങ്ങ് ആകുന്നെന്ന പരാതിയുമുണ്ട്. ഇത് കാരണം നിരവധി പേര്‍ക്ക് വോട്ട് ചേര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത നിരവധി പേരുടെ വോട്ട്, നിലവിലെ ലിസ്റ്റില്‍ വിട്ട് പോയ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി 15 ദിവസം കൂടി നീട്ടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.