കണ്ണൂർ : സംസ്ഥാനത്തെ പൊലീസ് ഗുരുതര പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് സ്റ്റേഷനുകൾ സിപിഎം ഓഫീസുകൾ പോലെയായി. ഗുണ്ടകളെ സംരക്ഷിക്കുന്നത് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുണ്ടാവിളയാട്ടവും കൊലപാതകങ്ങളും വർധിക്കുന്നത് പൊലീസും ആഭ്യന്തരവകുപ്പും നോക്കിനില്‍ക്കുകയാണ്. പൊലീസിന്‍റെ നിയന്ത്രണം പാർട്ടി സമിതികള്‍ക്കായി. ഇത് പഴയകാല സെല്‍ഭരണത്തിലേക്കുള്ള തിരിച്ചുപോക്കാണ്. പൊലീസ് മേധാവികള്‍ പറഞ്ഞാല്‍ താഴെയുള്ളവർ കേള്‍ക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സിപിഎം എല്ലാ കാര്യങ്ങളിലും അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണ്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളില്‍ പൊലീസ് സംവിധാനത്തിന് വീഴ്ച സംഭവിച്ചു. ആഭ്യന്തരവകുപ്പ് നോക്കുകുത്തിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കോടതിയുടെ വിമർശനം ഇത്രയുമധികം ഏറ്റുവാങ്ങേണ്ടിവന്ന ഒരു പൊലീസ് സംവിധാനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പൊലീസ് സേനയെ പരിതാപകരമായ അവസ്ഥയിലേക്ക് എത്തിച്ചത് ഭരണകക്ഷിയായ സിപിഎമ്മിന്‍റെ അനാവശ്യ ഇടപെടലുകളാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/337062941265579/