മുഖ്യമന്ത്രി സഭയില്‍ കള്ളം പറഞ്ഞു; അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, June 30, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മെന്‍റര്‍ വിഷയത്തില്‍ മുഖ്യമന്ത്രി സഭയില്‍ കള്ളം പറഞ്ഞു. വിദേശയാത്രയില്‍ ബാഗേജ് എടുക്കാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ്ചൂണ്ടിക്കാട്ടി.

‘മെന്‍റര്‍ വിഷയത്തില്‍ തെറ്റായ വിവരം സഭയില്‍ നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. ആദ്യം ബാഗ് മറന്ന് വെച്ചില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അത് മാറ്റിപ്പറയേണ്ടിവന്നു. ബാഗുകള്‍ കൊണ്ടുപോയത് ഒരാളാണ് എന്നാണ് പിന്നീട് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ബാഗല്ലാതായി മാറുമോ?’ – വി.ഡി സതീശന്‍ ചോദിച്ചു.

സ്വപ്‌നയുടെ ആരോപണം ഗുരുതരമാണ്. സോളാര്‍കേസ് പ്രതി സരിത ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച സിബിഐ അന്വേഷണം സ്വപ്‌നയ്ക്ക് കിട്ടുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സിബിഐ അന്വേഷിക്കണമെന്ന് തെളിവ് സഹിതം സ്വപ്‌ന ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡിക്ക് കള്ളപ്പണ ഇടപാടും മറ്റുമാണ് അന്വേഷിക്കാനാവുക. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം അന്വേഷിക്കേണ്ടത് സിബിഐ ആണെന്നും വി.ഡി സതീശന്‍ പറഞ്ഞു.