‘അനിതാ പുല്ലയില്‍ പത്താമത്തെ അവതാരം’; പിണറായി ഭരണത്തില്‍ അവതാരങ്ങളുടെ വിളയാട്ടമെന്ന് പ്രതിപക്ഷ നേതാവ്

 

കണ്ണൂർ: പിണറായി വിജയന്‍റെ ഭരണത്തില്‍ കേരളത്തില്‍ അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പത്താമത്തെ അവതാരമാണ് അനിതാ പുല്ലയില്‍. ഗാന്ധി ഘാതകരും കേരളത്തിലെ സിപിഎമ്മും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ശില്‍പത്തിന് നേരെ സിപിഎം നടത്തിയ അക്രമം ഹൃദയഭേദകമായ കാഴ്ചയാണ്. ഗാന്ധി ഘാതകരും കേരളത്തിലെ സിപിഎമ്മുമായി വ്യത്യാസമില്ല.  ഗാന്ധി നിന്ദയില്‍ സംഘപരിവാറുമായി കേരളത്തിലെ സിപിഎം അടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പയ്യന്നൂരില്‍ സിപിഎം  പ്രവർത്തകർ തകർത്ത ഗാന്ധി മന്ദിരം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പച്ചക്കള്ളം പറത്ത് കേരളത്തിൽ കലാപാഹ്വാനം നടത്തിയത് കേരളത്തിലെ നേതാക്കളാണ്. അവർക്കെതിരെയാണ് കേസെടുക്കേണ്ടത്. ഇത്രയും അക്രമങ്ങൾ ഉണ്ടായത് കലാപ ആഹ്വാനത്തെ തുടർന്നാണ്. ജയരാജനാണോ അന്വേഷണസംഘത്തലവനെന്നും അദ്ദേഹം ചോദിച്ചു. വിമാനത്തിൽ ആയാലും തീവണ്ടി ആയാലും പ്രതിഷേധം പ്രതിഷേധം തന്നെയാണ്. എംവി രാഘവനെ ട്രെയിനിൽ അക്രമിച്ചവരാണ് സിപിഎം.  ആളുകളെ ഭീഷണിപ്പെടുത്തുന്നത് ഡിവൈഎഫ്ഐ നേതാക്കളാണ്.

സ്വർണ്ണക്കടത്ത് കേസില്‍ സർക്കാരിന് ഭീതിയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സോളാർ കേസ് സിബിഐക്ക് വിട്ടത് പോലെ സ്വർണ്ണ കടത്ത് കേസ് സിബിഐക്ക് വിടാൻ സർക്കാരിന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സ്വപ്നാ സുരേഷ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിൽ എന്താണ് തെറ്റെന്ന് പറയണം. ശിവശങ്കരന് ഒരു നീതി, സ്വപ്നാ സുരേഷിന് ഒരു നീതി. രണ്ടു പേരും ഒരു കേസിലെ പ്രതികൾ. ശിവശങ്കരന് പുസ്തകം എഴുതാൻ അനുമതി കൊടുത്തു. കേസില്‍ സിബിഐ അന്വേഷണത്തിന് സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വിവാദം  എംഎൽഎയെ സെക്രട്ടേറിയറ്റിൽ നിന്ന് മാറ്റിയാൽ തീരുന്ന പ്രശ്നമല്ലെന്നും അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Comments (0)
Add Comment