സ്വർണ്ണക്കടത്തിലെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്ക് ഭീതി; സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, June 28, 2022

തിരുവനന്തപുരം: സ്വർണ്ണം, ഡോളർ കടത്ത് കേസുകളിൽ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണം തുടങ്ങിയപ്പോൾ കേന്ദ്ര ഏജൻസികൾക്ക് എതിരായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭീതിയാണ് സ്വർണ്ണക്കടത്ത് കേസിന് വിശ്വാസ്യത ഉണ്ടാക്കിയത്. അപ്പോഴാണ് വിഷയം പ്രതിപക്ഷം ഏറ്റെടുത്തതെന്നും വി.ഡി സതീശൻ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു തവണ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് തങ്ങള്‍ മുമ്പ് നോട്ടീസ് നല്‍കിയെന്നും ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ ആരോപണങ്ങളില്‍ ഏതെങ്കിലും ഒരു കഥ യുഡിഎഫ് മെനഞ്ഞുണ്ടാക്കിയതാണെന്ന് പറയുമോ. ഇതെല്ലാം സ്വപ്‌നാ സുരേഷിന്‍റെ വെളിപ്പെടുത്തലിലൂടെ ഉണ്ടായതാണോയെന്നും വി.ഡി സതീശന്‍ ചോദിച്ചു. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചതിന് കാലം കണക്കുചോദിക്കുകയാണ്. സ്വപ്‌ന പറയുന്നത് കള്ളമാണെന്ന് പറയാന്‍ ഇവരിറക്കിയ ആളുടെ പേര് കേട്ടാല്‍ തന്നെ ചിരിവരും. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള ആളാണ് സരിതയെന്നും സതീശന്‍ പറഞ്ഞു.

‘ഞങ്ങള്‍ കൊണ്ടുവന്നതാണോ സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും കയറി ഇറങ്ങി നടന്ന ആളല്ലേ സ്വപ്‌നാ സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അമിതാധികാരം ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹയാത്രിക. സ്വന്തം ഓഫീസില്‍ ഏറ്റവും അധികാരങ്ങളുള്ള ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈകുന്നേരം ആകുമ്പോള്‍ എങ്ങോട്ടാണ് പോയിരുന്നതെന്ന് അങ്ങ് ഏതെങ്കിലും ദിവസം അന്വേഷിച്ചിട്ടുണ്ടോ? എല്ലാ ദിവസവും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കേരളത്തിലെ മുഖ്യമന്ത്രിക്ക് ലഭിക്കും. അങ്ങയുടെ ഓഫീസില്‍ ഇതുപോലുള്ള  സ്വഭാവമുള്ള വ്യക്തികളുമായി ഒരുമിച്ച് യാത്ര ചെയ്യുകയും ഒരുമിച്ച് നടക്കുകയും ഒരുമിച്ച് ഉണ്ണുകയും ചെയ്ത് രാത്രി രണ്ട് മണിക്കാണ് പിരിഞ്ഞിരുന്നത് എന്ന് അങ്ങ് അറിഞ്ഞിരുന്നോ? രാത്രി രണ്ടു മണി വരെ രാമായണം വായിക്കുകയായിരുന്നോ? അവരാണ് ഇപ്പോള്‍ എല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍. അദ്ദേഹത്തെ നിങ്ങള്‍ വെള്ളപൂശി അകത്ത് വെച്ചു. അദ്ദേഹം പുസ്തകമെഴുതി. അപ്പോള്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് നിങ്ങള്‍ക്ക് പൊള്ളുന്നുണ്ടോയെന്നാണ്. അതേ കേസിലെ സ്വപ്‌നാ സുരേഷ് കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തല്‍ നടത്തി. അതിന്‍റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്തു. ഒരേ കേസിലെ രണ്ടു പ്രതികള്‍ക്ക് രണ്ടുനീതിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സ്വപ്‌നക്കെതിരെ ജലീല്‍ കൊടുത്ത പരാതിയില്‍ സാക്ഷി സരിത നായരാണ്. സോളാര്‍ കേസില്‍ നിങ്ങളുടെ ആഭ്യന്തരവകുപ്പ് അന്വേഷിച്ചിട്ട് ഇതുവരെ ഒരു കുറ്റപത്രം പോലും നല്‍കാന്‍ സാധിച്ചിട്ടില്ല. എന്നിട്ട് ആ കേസില്‍ നിങ്ങള്‍ക്ക് വിശ്വാസ്യതയുള്ള സരിതയെ വിളിച്ച് വരുത്തി. എന്നിട്ട് ഇപ്പോള്‍ നിങ്ങള്‍ സ്വപ്‌നാ സുരേഷിന്‍റെ വിശ്വാസ്യതയെ കുറിച്ച് സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ചിരിയാണ് വരുന്നത്. സ്വപ്‌ന കള്ളമാണ് പറയുന്നതെന്ന് വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ അവതരിപ്പിച്ച ആളെ കാണുമ്പോഴാണ് ചിരി വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശ്വാസ്യത ഉണ്ടാക്കിയത് നിങ്ങളുടെ വെപ്രാളവും ഭീതിയും നിറഞ്ഞ നടപടികളാണ്. നിങ്ങള്‍ നിയപരമായി പോകാതെ നിയമവിരുദ്ധമായി പോയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. അതുകൊണ്ട് സരിതയുടെ പരാതി സ്വീകരിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് പോലെ ഈ സ്വപ്‌നയുടെ പരാതിയിലും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും പ്രതിപക്ഷ നേതാവ് നിയമസഭിയല്‍ ആവശ്യപ്പെട്ടു.