പ്രതിപക്ഷ ഇടപെടല്‍; ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് ഉറപ്പാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി കുട്ടികള്‍ക്ക് ടി.വി, ഫോണ്‍, ലാപ്‌ടോപ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. ഡിഇഒ, എഇഒ മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഡിജിറ്റല്‍ സൗകര്യങ്ങളുടെ അപര്യാപ്തത പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ ഇടപെടല്‍.  ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഏഴുലക്ഷം കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പറയുന്നത് തെറ്റായ കണക്കുകളാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 70 പേജുള്ള റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, തീരപ്രദേശങ്ങളിലെ കുടുംബങ്ങളിലെ കുട്ടികള്‍, തോട്ടം, മലയോര മേഖലയിലെ കുട്ടികള്‍ തുടങ്ങിയവരുടെ അസൗകര്യങ്ങളാണ് സര്‍വേ നടത്തി കണ്ടെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യവും നെറ്റ്‌വര്‍ക്ക് റേഞ്ചും സാമ്പത്തികമായ അസൗകര്യങ്ങള്‍ മൂലം മൊബൈല്‍ ഫോണുകള്‍ പോലും വാങ്ങിക്കാന്‍ കഴിയാത്തവരും ഉണ്ട്. ആകെയൊരു മൊബൈല്‍ ഫോണ്‍ മാത്രമുള്ള വീടുകളില്‍ മാതാപിതാക്കള്‍ ജോലിക്ക് പോയി തിരികെ വരുന്നത് വരെ കുട്ടികള്‍ പഠനത്തിനായി കാത്തിരിക്കേണ്ടി വരുന്നു. അതിനാല്‍ അവര്‍ക്ക് ഈ സമയത്തുള്ള ലൈവ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല. രണ്ടും മൂന്നും കുട്ടികളുള്ള വീടുകളില്‍ പോലും ഒരു ഫോണ്‍ ആശ്രയിച്ച് പഠനം നടത്തേണ്ട അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments (0)
Add Comment