മാധ്യമങ്ങള്‍ നേരിടുന്നത് അനാവശ്യ വിലക്ക്; മോദിയുടെ മാധ്യമ നയമാണ് സംസ്ഥാനത്തും നടപ്പാക്കുന്നത്: കെ.സി. ജോസഫ്

Thursday, December 6, 2018

തിരുവനന്തപുരം: പൊതുസ്ഥലത്ത് മന്ത്രിമാരെ മാധ്യമങ്ങള്‍ സമീപിക്കരുതെന്നത് ജനാധിപത്യ വിരുദ്ധമെന്ന് കെ.സി ജോസഫ്. മാധ്യമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നേരിടുന്നത് നിയന്ത്രണമല്,ല അനാവശ്യ വിലക്കാണെന്നും അദ്ദേഹം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും ഒരു വിളിപ്പാടകലെ നിര്‍ത്തുന്നതുമാണ് സര്‍ക്കാര്‍ സമീപനം. ആദ്യം മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കുന്നത് ഒഴിവാക്കിയ മുഖ്യമന്ത്രി പിന്നീട് കടക്ക് പുറത്തെന്നു പറഞ്ഞുവെന്നും കെ.സി ജോസഫ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ വിലക്കുണ്ടാകുമ്പോള്‍ എതിര്‍ക്കുന്ന സി.പി.എം കേരളത്തില്‍ മാധ്യമങ്ങളെ വിലക്കുന്നു. വിമര്‍ശനങ്ങളെ നല്ല ബുദ്ധിയോടെ കാണാന്‍ സര്‍ക്കാര്‍ തയാറാകണം. ഗുജറാത്തിലേതുപോലുള്ള നിയന്ത്രണങ്ങള്‍ കേരളത്തില്‍ കൊണ്ടുവരികയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്.

നിലവില്‍ നടക്കുന്നത് നിയന്ത്രണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്. പൊതു സ്ഥലത്ത് മന്ത്രിമാരെ മാധ്യമങ്ങള്‍ സമീപിക്കരുതെന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കെ.സി ജോസഫ് ആരോപിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയാണ് പിണറായി പിന്തുടരുന്നത്.

ആഭ്യന്തര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത് വഴിവിട്ടെന്നും കെ.സി ജോസഫ് ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പ് എങ്ങനെ സര്‍ക്കുലര്‍ ഇറക്കുമെന്നും കെ.സി ജോസഫ് നിയമസഭയില്‍ ചോദിച്ചു. വിമര്‍ശനങ്ങള്‍ നല്ല ബുദ്ധിയോടെ കാണണം, അസഹിഷ്ണുത ശരിയല്ലെന്നും കെ സി ജോസഫ് പറഞ്ഞു. മോദിയുടെ കേരള പതിപ്പാണ് പിണറായിയെന്നും ബി.ജെ.പിയുടെ കേരള പതിപ്പായി സി.പി.എം മാറരുതെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.