ഓപ്പറേഷന് സിന്ദൂറിനു ശേഷം ആഗോള പ്രചാരണത്തിനായുള്ള സര്‍വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ നാമനിര്‍ദ്ദേശം ചെയ്തു. ചെയര്‍പേഴ്സണ്‍ മമതാ ബാനര്‍ജിയാണ് നാമനിര്‍ദ്ദേശം ചെയ്തത്. പാര്‍ട്ടിയുടെ ബഹരംപൂര്‍ എം.പി യൂസഫ് പത്താന് പ്രതിനിധി സംഘത്തില്‍ നിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി എക്സില്‍ കുറിച്ചത് ഇങ്ങനെ: ‘ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ആഗോള പ്രചാരണത്തിനായുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കാന്‍ ഞങ്ങളുടെ ചെയര്‍പേഴ്സണ്‍ മമത ബാനര്‍ജി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ നാമനിര്‍ദ്ദേശം ചെയ്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഭീകരവാദ ഭീഷണിയെ നേരിടാന്‍ ലോകം ഒന്നിക്കേണ്ട ഈ സമയത്ത്, അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യം ഭീകരതയ്ക്കെതിരായ ബംഗാളിന്റെ ഉറച്ച നിലപാട് പ്രതിഫലിപ്പിക്കുക മാത്രമല്ല, ആഗോള വേദിയില്‍ ഇന്ത്യയുടെ കൂട്ടായ ശബ്ദത്തെ ശക്തിപ്പെടുത്തുകയും ചെയ്യും,
ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം ലോക രാജ്യങ്ങളെ അറിയിക്കുന്നതിനായി, വിവിധ ലോക തലസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഏഴ് പ്രതിനിധി സംഘങ്ങളിലേക്ക് 51 രാഷ്ട്രീയ നേതാക്കളെയും പാര്‍ലമെന്റ് അംഗങ്ങളെയും മുന്‍ മന്ത്രിമാരെയും കക്ഷിഭേദമന്യേ കേന്ദ്രം തിരഞ്ഞെടുത്തിട്ടുണ്ട്. എങ്കിലും, അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് കേന്ദ്രം പാര്‍ട്ടിയുമായി കൂടിയാലോചിച്ചില്ല എന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ടായിരുന്നു.
‘കേന്ദ്രത്തിന് ഞങ്ങളുടെ പ്രതിനിധിയുടെ പേര് തീരുമാനിക്കാന്‍ കഴിയില്ല. അവര്‍ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍, പാര്‍ട്ടി പേര് തീരുമാനിക്കും. ഇതാണ് കീഴ്വഴക്കം; ഇതാണ് രീതി. വിദേശകാര്യ നയത്തില്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനൊപ്പമാണ്, ഞങ്ങള്‍ അവരെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു,’ മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജെ.ഡി.യു എം.പി സഞ്ജയ് കുമാര്‍ ഝാ നയിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് യൂസഫ് പത്താനെ തിരഞ്ഞെടുത്തിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ഈ സംഘം സന്ദര്‍ശിക്കുന്നത്. എന്നാല്‍, പ്രതിനിധി സംഘത്തില്‍ ചേരാന്‍ തനിക്ക് കഴിയില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇദ്ദേഹം അറിയിക്കുകയായിരുന്നു. മറ്റൊരു തൃണമൂല്‍ നേതാവായ സുദീപ് ബന്ദോപാധ്യായയെ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.