റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍: ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്; പുടിനുമായി ഫോണില്‍ സംസാരിച്ചു

Jaihind News Bureau
Tuesday, May 20, 2025

റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണിലൂടെ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പുടിനുമായി ട്രംപ് ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ ഫോണ്‍ ചര്‍ച്ചയാണിത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും ട്രംപ് സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് ചര്‍ച്ചയെന്ന് ട്രംപ് പറഞ്ഞു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ ‘ബ്ലഡ് ബാത്ത്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഓരോ ആഴ്ചയും ഏകദേശം 5,000 സൈനികരാണ് സംഘര്‍ഷത്തില്‍ മരിക്കുന്നതെന്നും യുദ്ധം ഉത്ഭവിച്ചത് യുഎസില്‍ നിന്നല്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ചര്‍ച്ചയുടെ വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു.

സമാധാനപരമായ ഒരു ഭാവിക്കു വേണ്ടി യുക്രൈനുമായി ചേര്‍ന്നു കരടുരേഖയുണ്ടാക്കാന്‍ തയാറാണെന്ന് പുടിന്‍ അറിയിച്ചു. സമാധാനക്കരാറിലൂടെ തൊഴില്‍-വ്യാപാര അവസരങ്ങള്‍ സൃഷ്ടിത്താന്‍ സാധിക്കുമെന്നും ഇതിലൂടെ ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചയ്ക്കു മുന്‍കയ്യെടുത്തതിനു ട്രംപിനു പുടിന്‍ നന്ദി പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ക്ക് വത്തിക്കാന്‍ വേദിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.