ഓപ്പറേഷൻ ക്ലീൻ; പെരുമ്പാവൂരില്‍ രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

 

പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി രാഹുൽ ഡിഗൽ നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവ് കൈമാറ്റത്തിന് എത്തിയ പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഒഡീഷനിൽ 3000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം എത്തിച്ച് ഇവിടെ കിലോയ്ക്ക് 25000 രൂപയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു. ശനിയാഴ്ചയാണ് രാഹുൽ ഡിഗൽ നാട്ടിലെത്തിയത്. കാൽക്കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയാണ് കച്ചവടം.

അതിഥിത്തൊഴിലാളികൾക്കിടയിലാണ് പ്രധാനമായി വിൽപ്പന. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവർ പോലീസ് നിരീക്ഷണത്തിലാണ്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണം സംഘം നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസം മാറമ്പിള്ളിയിൽ നിന്ന് 16 കിലോ കഞ്ചാവും , ജൂണിൽ മുടിക്കലിൽ നിന്നും അഞ്ചരക്കിലോ കഞ്ചാവും, കഴിഞ്ഞ ദിവസം മാറമ്പിള്ളി പാലത്തിന് സമീപത്ത് നിന്ന് ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒഡീഷ സ്വദേശികളെയും , ഒരു മൂർഷിദാബാദ് സ്വദേശിയേയും അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ എഎസ്പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം.കെ. രാജേഷ്, എഎസ്ഐ പി.എ. അബ്ദുൾ മനാഫ്, സീനിയർ സിപിഒ മാരായ മനോജ് കുമാർ, കെ.എ. അഫ്സൽ, ബെന്നി ഐസക്ക്, എം.കെ. നിഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Comments (0)
Add Comment