ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ തുണയായി; 5 ദിവസം പ്രായമുള്ള കുരുന്നിനെ അടിയന്തരശസ്ത്രക്രിയക്കായി വെല്ലൂരിലെത്തിച്ചു

അടിയന്തരശസ്ത്രക്രിയ ആവശ്യമുള്ള 5 ദിവസം പ്രായമായ കുരുന്നിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് വെല്ലൂരില്‍ ചികിത്സ ലഭ്യമാക്കി. ആറന്മുള ഇടശേരിമല കാരുവേലില്‍ ജോര്‍ജ് മത്തായി ടീന ദമ്പതികളുടെ മകള്‍ക്കാണ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് യഥാസമയം ചികിത്സ നല്‍കാനായത്.

സുഷുമ്‌ന നാഡിയില്‍ മാരകമായ തകരാറിന് പുറമെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയുള്ള കുഞ്ഞിന് വെല്ലൂരില്‍ ഉടന്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ജീവിതകാലമത്രയും ചലനമറ്റ് കിടക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് മാതാപിതാക്കള്‍ പോകാന്‍ ശ്രമിച്ചെങ്കിലും ചെന്നൈയിലും വെല്ലൂരിലും കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രവേശനാനുമതി നിഷേധിച്ചു.

ഇതറിഞ്ഞ കോണ്‍ഗ്രസ് കോയിപ്രം മണ്ഡലം പ്രസസിഡന്റ് സുബിന്‍ നീറുംപ്ലാക്കല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചെങ്കിലും മോശം കാലാവസ്ഥയായതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗം കൊണ്ടുപോകാന്‍ തീരുമാനിച്ചു.

ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ.വിജയ്ഭാസ്‌ക്കറുമായി ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എല്ലാ ക്രമിീകരണങ്ങളും ഒരുക്കി. കാഞ്ഞിരപ്പള്ളി സ്വദേശിയായ സൂരജ് മാത്യുവാണ് ദൗത്യം ഏറ്റെടുത്ത് അതിവേഗം ഏറ്റെടുത്ത് കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.

Comments (0)
Add Comment