ഉമ്മന്‍ ചാണ്ടിയെ കാണാന്‍ ആർത്തലച്ചെത്തി ജനസാഗരം… ആള്‍ത്തിരക്കിലലിഞ്ഞ് വിലാപയാത്ര; തിരുവനന്തപുരം ജില്ല കടക്കാന്‍ മാത്രം 8 മണിക്കൂർ; അന്ത്യയാത്രയും ജനക്കൂട്ടത്തിനിടയിലൂടെ…

 

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ അണമുറിയാത്ത ജനപ്രവാഹം. ജന്മനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ജനനായകനെ ഒരുനോക്ക്കാണാനായി വന്‍ ജനസഞ്ചയമാണ് തടിച്ചുകൂടുന്നത്. ഒഴുകിയെത്തുന്ന ജനപ്രവാഹം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചതോടെ വിലാപയാത്ര പ്രതീക്ഷിച്ചതിലും ഏറെ നേരമെടുത്താണ് മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം ജില്ല കടക്കാന്‍ എട്ടു മണിക്കൂറെടുത്ത യാത്ര നിലവില്‍ കൊല്ലം ജില്ല പിന്നിട്ട് പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിച്ചു.

തിരുവനന്തപുരം പിന്നിട്ട് വിലാപയാത്ര ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. തിരുവനന്തപുരം ജില്ല കടക്കാന്‍ എട്ടുമണിക്കൂറിലേറെയാണ് എടുത്തത്. ജനത്തിരക്ക് കാരണം ജഗതി മുതല്‍ തട്ടത്തുമല വരെയുള്ള 41 കിലോമീറ്റര്‍ പിന്നിടാനാണ് ഇത്രയും സമയം എടുത്തത്. വൈകുന്നേരം ആറരയോടെ വാളകം പിന്നിട്ടു. വന്‍ ജനാവലി പ്രിയ നേതാവിനെ കാണാനായി ആർത്തലച്ചെത്തിയതോടെ വളരെ മന്ദഗതിയിലാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോകുന്നത്.  ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ഭൗതികദേഹത്തിനൊപ്പമുണ്ട്.

 

 

പ്രിയനേതാവിനെ കാണാനെത്തുന്ന അനിയന്ത്രിതമായ ജനക്കൂട്ടം കാരണം നേരത്തെ നിശ്ചയിച്ചിരുന്ന സമയക്രമം പാലിക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ന് വൈകിട്ടോടെ കോട്ടയം ഡിസിസി. ഓഫീസിലും തുടർന്ന് തിരുനക്കര മൈതാനത്തും  അവിടെനിന്ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലും പൊതുദർശനത്തിനു വെക്കുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ എന്നും ജനക്കൂട്ടത്തെ ആഘോഷമാക്കിയിരുന്ന ജനനായകനെ കാണാനായി ഒഴുകിയെത്തുന്ന ജനക്കൂട്ടം കാരണം മുന്‍ നിശ്ചയിച്ച സമയക്രമം പാലിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച 3.30 ന് ആണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുതുപ്പള്ളിയിലേക്ക് രാഹുല്‍ ഗാന്ധിയും എത്തും. വിലാപയാത്രയുടെ പശ്ചാത്തലത്തില്‍ ഇന്ന് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

Comments (0)
Add Comment