ഓച്ചിറയില്‍ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പോലീസ് അലംഭാവം കാട്ടി : ഉമ്മന്‍ ചാണ്ടി

ഓച്ചിറയിൽ നാടോടി കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അലംഭാവം കാട്ടിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. സംസ്ഥാനത്ത് പെൺകുട്ടികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ഓച്ചിറയിൽ പറഞ്ഞു.

കാണാതായി ആറു ദിവസം പിന്നിടുമ്പോഴും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. കേസില്‍ അന്വേഷണം ഊര്‍ജിതമല്ല. ഓച്ചിറയിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം. നീതിക്കുവേണ്ടി വരുന്നവരെ, പരാതി കേള്‍ക്കുകപോലും ചെയ്യാതെ തിരിച്ചയക്കുന്നത് ആശാസ്യകരമല്ല. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിനാല്‍ കേസില്‍ നല്ല ജാഗ്രത ആവശ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് ആദ്യം കേസെടുക്കാൻ തയാറായിരുന്നില്ല. പിന്നീട് നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കി 13 കാരിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് റോഷന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

oommen chandyochira abduction case
Comments (0)
Add Comment