ഇതൊക്കെയാണ് നെറികേട്; സിപിഎമ്മിന്‍റെ വ്യാജ പ്രചാരണങ്ങൾ നിരത്തി മുഖ്യമന്ത്രിയോട് ഉമ്മൻ ചാണ്ടി

Jaihind News Bureau
Friday, July 10, 2020

തന്‍റെ രാജിയ്ക്കു വേണ്ടി പ്രതിപക്ഷം നെറികേട് കാണിക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണത്തിന് സി പി എമ്മിന്‍റെ വ്യാജപ്രചാരണങ്ങൾ നിരത്തി മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും നെറികേട് കാട്ടരുത് എന്നാണ് തന്‍റേയും അഭിപ്രായമെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.

നെറികേട് കാട്ടരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ.

1) സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്.

2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുറന്നത്. യുഡഎഫ് അധികാരം വിട്ടത് ആ വര്‍ഷം മെയ്മാസത്തിലും.

2) സ്വപ്‌ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി കിട്ടാന്‍ ഞാന്‍ ശിപാര്‍ശ ചെയ്തു.

എയര്‍ ഇന്ത്യ സാറ്റ്‌സ് മാനേജര്‍ ബിനോയിയോട് ഞാന്‍ ഇക്കാര്യം ആരാഞ്ഞു. അദ്ദേഹം അതു എന്നോടു നിഷേധിക്കുക മാത്രമല്ല, ചാനലുകളെ വിളിച്ചുവരുത്തി പരസ്യമായി പറയുകയും ചെയ്തു.

3) കള്ളക്കടത്തു കേസിലെ പ്രതി സരിത്തുമായി എനിക്ക് അടുത്ത ബന്ധമുണ്ടന്നു സ്ഥാപിക്കാന്‍ എന്നോടൊപ്പം നില്ക്കുന്ന ഫോട്ടോ.

കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറിയും നാട്ടുകാരനുമായ സച്ചിനോടൊപ്പം നില്കുന്ന ഫോട്ടോയാണത്. അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. അന്നു കോട്ടയത്തെത്താന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഞായറാഴ്ചയാണ് സച്ചിനെ കണ്ട് ആശംസകള്‍ അറിയിച്ചത്. സച്ചിനോടൊപ്പം എടുത്ത ഫോട്ടോയാണ് ഈ രീതിയില്‍ വക്രീകരിച്ചത്. സങ്കടകരമായിപ്പോയി.

4) സ്വപ്‌ന സുരേഷിന് ജോലി കിട്ടാന്‍ ശശി തരുര്‍ എംപിയും കെസിവേണുഗോപാല്‍ എംപിയും ശിപാര്‍ശ ചെയ്തു. കെസി വേണുഗോപാലിനെതിരേ ബിജെപിയാണ് ആരോപണം ഉന്നയിച്ചത്.

ശശി തരൂരും കെസി വേണുഗോപാലും ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചു.

5) കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുടെ മരുമകളാണ് സ്വപ്‌ന സുരേഷ്.

അങ്ങനെയൊരു മരുമകള്‍ തനിക്കില്ലെന്നു രവി വ്യക്തമാക്കി.

നെറികേട് കാട്ടരുത് എന്നാണ് എന്റെയും അഭ്യര്‍ഥന.