തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ കേരളത്തിന് അപമാനം ഉണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന കരാറും നിയമവും തയ്യാറാക്കിയ സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലിലെറിയുമെന്നും അദ്ദേഹം പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ വിഴിഞ്ഞത്ത് എം.വിന്‍സന്റ് എം.എല്‍.എ നടത്തുന്ന സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാര്‍ പിന്‍വലിച്ചത് ഔദാര്യമല്ല. സർക്കാരിന് പിടിച്ചുനില്ക്കാന് പറ്റില്ലെന്ന് വന്നപ്പോഴാണ് പിന്‍വലിക്കല്‍ ഉണ്ടായത്. മത്സ്യത്തൊഴിലാളികള്‍ ശേഖരിക്കുന്ന മത്സ്യത്തിന് 5% കമ്മീഷന് ഈടാക്കുകയാണ് സര്‍ക്കാര്‍. ഇതിന് എന്ത് ന്യായീകരണമാണ് നല്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
2011ല്‍ യുഡിഎഫ് ഗവണ്മെന്റ് ബിപിഎല്‍ കുടുംബങ്ങള്‍ക്കെല്ലാം സൗജന്യ അരി പ്രഖ്യാപിച്ച് നൂറുദിവസത്തിനുള്ളില്‍ നടപ്പാക്കി. എന്നാല്‍ ഇടതുസര്‍ക്കാര്‍ ഒരു കിലോ അരിക്ക് 2 രൂപ വീതം ഈടാക്കുകയാണ് ചെയ്തത്. ഇക്കൂട്ടരാണ് മത്സ്യത്തൊഴിലാളികള്‍ ശേഖരിക്കുന്ന മത്സ്യത്തിന് കമ്മീഷന് വാങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.