കരിപ്പൂർ വിമാന ദുരന്തമുണ്ടായപ്പോള്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ഓടിയെത്തിയ മലയാളികളുടെ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊവിഡിനെ പോലും വകവെക്കാതെ ദുരന്തമുഖത്ത് ഓടിയെത്തിയ നാട്ടുകാരുടെ ഇടപെടലാണ് അപകടത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചത്. ഒരിക്കല്‍ കൂടി മലയാളികളുടെ മാനവികത നാം അനുഭവിച്ചറിയുകയായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ പ്രതികൂലമായ കാലാവസ്ഥയിൽ പോലും ഒരു നിമിഷം കാത്തു നിൽക്കാതെ, ജീവൻ പണയപ്പെടുത്തി ഓരോ ജീവനെയും വാരിയെടുത്ത പ്രിയപ്പെട്ടവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
അപകടത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് മുന്‍കൈ എടുത്തത് നല്ലവരായ നാട്ടുകാരായിരുന്നു. കോവിഡിനെ പോലും വകവെക്കാതെ ദ്രുതഗതിയിലുള്ള അവരുടെ രക്ഷാപ്രവർത്തനം അപകടത്തിന്‍റെ വ്യാപ്തി കുറയ്ക്കുവാൻ സാധിച്ചു.
പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശം മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചരിച്ചതോടെ അര്‍ധരാത്രി വിവിധ ആശുപത്രികളിലേക്ക് കോവിഡ് ഭീതി മാറ്റിവെച്ച് ജനമൊഴുകി. പ്രത്യേകിച്ച് യുവാക്കൾ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അര്‍ധരാത്രിയിലും രക്തം നല്‍കാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. ഒരിക്കല്‍ കൂടി നാം മലയാളികളുടെ മാനവികത അനുഭവിച്ചറിയുകയായിരുന്നു.
https://www.facebook.com/oommenchandy.official/posts/10157581520556404