ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ സാന്ത്വന സ്പര്‍ശം നടപ്പാക്കുന്നു ; വിചിത്രമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Thursday, February 11, 2021

തിരുവനന്തപുരം:  പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്‍കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു. സിപിഎമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്.

ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍, പഴയതെല്ലാം വിഴുങ്ങിയാണ് അദാലത്ത് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ചു. അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് കൊവിഡ് ബാധിച്ചു. എല്ലാ ജില്ലകളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഒരിടത്തും അദാലത്തില്‍ പങ്കെടുത്തില്ല.

ജനസമ്പര്‍ക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ അസഹിഷ്ണുത മൂര്‍ധന്യത്തിലെത്തി. ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി യുഎന്‍ ആസ്ഥാനത്തേക്ക് ആയിരക്കണക്കിനു പരാതികളയച്ചു കേരളത്തെ നാണംകെടുത്തി. അവാര്‍ഡ് ദാനം ബഹ്‌റൈനില്‍ വച്ചായിരുന്നതിനാല്‍ കരിങ്കൊടിയുമായി അവിടെ എത്താനായില്ല. തിരിച്ച് തിരുവനന്തപുരത്തെത്തിയ തന്നെ വഴിനീളെ കരിങ്കൊടി കാട്ടിയാണ് സ്വീകരിച്ചത്.

2011, 2013, 2015 എന്നീ വര്‍ഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പര്‍ക്ക പരിപാടികളില്‍ 11,45,449 പേരെയാണ് നേരില്‍ കണ്ടത്. 242.87 കോടി രൂപ വിതരണം ചെയ്തു. ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ 2004ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ 96,901 പരാതികള്‍ ലഭിക്കുകയും 42,151 എണ്ണത്തില്‍ അനുകൂല തീരുമാനം എടുക്കുകയും ചെയ്തു. 9.39 കോടി രൂപ വിതരണം ചെയ്തു. നാലു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മൊത്തം 11,87,600 പേരെയാണ് നേരില്‍ കണ്ടത്. പാവപ്പെട്ടവര്‍, നിന്ദിതര്‍, പീഡിതര്‍, രോഗികള്‍, നീതിനിഷേധിക്കപ്പെട്ടവര്‍, ആര്‍ക്കും വേണ്ടാത്തവര്‍, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍. അങ്ങനെയുള്ളവരായിരുന്നു അവരേറെയും.

വ്യക്തിഗത പ്രശ്നങ്ങള്‍ പരിഹരിച്ചതോടൊപ്പം ജില്ല നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും പ്രഖ്യാപിച്ചു. അതു നടപ്പാക്കാന്‍ തുടര്‍ യോഗങ്ങളും നടത്തി. 45 പുതിയ സര്‍ക്കാര്‍ ഉത്തരവുകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചത്. കേരളത്തെ കാലോചിതമാക്കിയ നടപടികളായിരുന്നു അവയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.