തെലങ്കാനയിലെ വിജയം ഉമ്മന്‍ചാണ്ടിയ്ക്ക് കൂടെ അവകാശപ്പെട്ടത്; ചരിത്രം ഓര്‍മ്മിപ്പിച്ച് ടി.സിദ്ദിഖ്

Jaihind Webdesk
Sunday, December 3, 2023


തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കൂടെ അവകാശപ്പെട്ടതാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. കൊടും ചതിയിലൂടെ സോണിയാജിയെയും കോണ്‍ഗ്രസിനെയും വഞ്ചിച്ച് കെ.ചന്ദ്രശേഖര റാവു തെലങ്കാന കയ്യിലാക്കിയപ്പോള്‍ കോണ്‍ഗ്രസിന് കടുത്ത നിരാശയുണ്ടായിരുന്നു. ആന്ധ്ര വിഭജിക്കുമ്പോള്‍ കെസിആര്‍ പറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. എന്നാല്‍, കൊടും ചതിയിലൂടെ കെസിആര്‍ അധികാര രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടിയായിരുന്നു ഇത്. അവിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏല്‍പ്പിച്ചു. പാര്‍ട്ടിയെ തെലങ്കാനയില്‍ തിരിച്ച് കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യമെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. അത്ര എളുപ്പമായിരുന്നില്ല തെലങ്കാനയില്‍ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ട് വരിക എന്നത്. രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ് തെലങ്കാനയില്‍ ശക്തമായി തിരിച്ച് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സാറിനെ മറക്കരുത്.

അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ടുവന്ന മായാജാലമല്ല കോണ്‍ഗ്രസിന്റെ തെലങ്കാന വിജയം. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുള്ളപ്പോഴും തെലങ്കാന ആശ്വാസം നല്‍കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.