പുതുപ്പള്ളിയിലെ പുതിയ നായകനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

പുതുപ്പള്ളി: പുതുപ്പള്ളിയിലെ പുതിയ നായകനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍. ആഴ്ചകളോളം നീണ്ട പ്രചരണങ്ങൾക്കൊടുവിൽ സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി വിധിയെഴുതിയത്. നാളെ രാവിലെ എട്ടുമണിയോടെ വോട്ടണ്ണൽ ആരംഭിക്കും. കോട്ടയം ബസേലിയോസ് കോളജിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

മുന്നണികളെല്ലാം പ്രതീക്ഷയിലാണ്.  പോളിംഗ് ശതമാനം കണക്കുകൂട്ടിയും കിഴിച്ചും കഴിഞ്ഞ ദിവസങ്ങളിൽ അവർ പ്രതീക്ഷകൾ പങ്കുവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വലിയ ഭൂരിപക്ഷത്തിൽ വിജയം ഉണ്ടാകുന്നത് ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. എന്നാൽ പരാജയം മുന്നിൽകണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കം പതിവുപോലെ യുഡിഎഫ് ബിജെപി ബന്ധം ആരോപിച് രംഗത്തെത്തിയിട്ടുണ്ട് . യുഡിഎഫിന് ബിജെപി വോട്ട് മറിച്ചു എന്നാണ് ആരോപണം. സർക്കാറിനെതിരെയുള്ള വിലയിരുത്തിലാവും പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഉറപ്പിച്ചാണ് യുഡിഎഫ് പ്രചരണം ആരംഭിച്ചത്.

വലിയ വിജയം യുഡിഎഫ് നേടിയാൽ അത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള വിധിയെഴുത്താവും. സർക്കാറിനോടുള്ള പ്രതിഷേധത്തിനേക്കാൾ കൂടുതൽ മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ വന്ന ആരോപണങ്ങളാണ് പുതുപ്പള്ളിയിൽ തിരിച്ചടി ആയതെന്ന് പിണറായി വിരുദ്ധ പക്ഷം ആരോപിക്കുമെന്നും ഉറപ്പാണ്. സർക്കാരിനും സിപിഎമ്മിനും പുതുപ്പള്ളിയിലെ യുഡിഎഫിന്റെ വിജയം നിർണായകമാവുമ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതുപ്പള്ളിയിലെ വിജയം യുഡിഎഫിന് കരുത്ത് പകരും.

Comments (0)
Add Comment