ന്യൂഡല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴില്‍ ഇല്ലാതാക്കുകയും പതിനായിരക്കണക്കിന് കോടിയുടെ നിക്ഷേപം തകര്‍ക്കുകയും ചെയ്യുന്ന വിവാദ ഓണ്‍ലൈന്‍ ഗെയിമിംഗ് നിയന്ത്രണ ബില്‍, പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കി. ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെയും, ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിക്കളഞ്ഞും സര്‍ക്കാര്‍ കാണിച്ച ധാര്ഷ്ട്യത്തില് പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പാര്‍ലമെന്റില്‍ അരങ്ങേറിയത് നാടകീയ പ്രതിഷേധം
ബില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ഈ ബില്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും, നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ബില്ലിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ഒരു സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഈ ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ‘ജനാധിപത്യത്തെ കൊല്ലരുത്’, ‘കരിനിയമം പിന്‍വലിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍ സഭ മുഖരിതമായി. പ്രതിപക്ഷ ബഹളത്തിനിടയിലും ശബ്ദവോട്ടോടെ ബില്‍ പാസാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. ചര്‍ച്ചകള്‍ക്കും ജനാധിപത്യപരമായ സംവാദങ്ങള്‍ക്കും ബിജെപി സര്‍ക്കാര്‍ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്ന് ആരോപിച്ച്, ഈ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്കരിച്ച് പുറത്തേക്ക് പോയി.
‘ഇതൊരു നിയമനിര്‍മ്മാണമല്ല, മറിച്ച് ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഒരു വ്യവസായത്തിന്റെ മരണമണിയാണ്,’ എന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ഈ ബില്‍ നടപ്പാക്കുന്നതിലൂടെ സംഭവിക്കാന്‍ പോകുന്ന വിപത്തുകളെ കുറിച്ച് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്കി. ഗെയിമിംഗ്, ഐടി, അനിമേഷന്‍, ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും പ്രതിവര്‍ഷം 20,000 കോടിയിലധികം രൂപയുടെ നികുതി വരുമാനം സര്‍ക്കാരിന് നഷ്ടമാകുമെന്നും പ്രതിപക്ഷം താക്കീതു നല്കി. ആയിരക്കണക്കിന് കോടിയുടെ വിദേശനിക്ഷേപം രാജ്യത്ത് നിന്ന് പിന്‍വലിക്കപ്പെടും.
നിയമവിധേയമായ ഇന്ത്യന്‍ കമ്പനികളെ പൂട്ടിക്കുമ്പോള്, ഉപയോക്താക്കള്‍ നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ വിദേശ വാതുവെപ്പ് സൈറ്റുകളിലേക്ക് തിരിയുമെന്ന ഭീഷണികൂടിയുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കലിനും ഡാറ്റാ ചോര്‍ച്ചയ്ക്കും വഴിവെക്കുന്ന ഗുരുതരമായ ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തും.ഈ ജനാധിപത്യ വിരുദ്ധ നിയമത്തിനെതിരായ പോരാട്ടം പാര്‍ലമെന്റിന് പുറത്തും തുടരുമെന്നും, ഈ നിയമം മൂലം ദുരിതത്തിലാകുന്ന ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കും സംരംഭകര്‍ക്കും ഒപ്പം കോണ്‍ഗ്രസ് നിലകൊള്ളുമെന്നും പാര്‍ട്ടി വ്യക്തമാക്കി.