ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ‘ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രോത്സാഹനവും നിയന്ത്രണവും ബില്‍, 2025’-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. യാതൊരു കൂടിയാലോചനയുമില്ലാതെയും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെയും മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിനാശകരമായ നയമാണിതെന്ന് കര്‍ണാടക ഐടി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ ആരോപിച്ചു. തിടുക്കത്തില്‍ കൊണ്ടുവന്ന ഈ ബില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും, പതിനായിരക്കണക്കിന് കോടി രൂപയുടെ നികുതി വരുമാനം നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ബില്‍, പണം ഉപയോഗിച്ചുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും (അവ വൈദഗ്ധ്യമോ ഭാഗ്യമോ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും) നിയമവിരുദ്ധമാക്കാന്‍ ലക്ഷ്യമിടുന്നു. ഇത്തരം പ്ലാറ്റ്ഫോമുകളുടെ പരസ്യങ്ങള്‍ നിരോധിക്കാനും, ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും വിലക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും കനത്ത പിഴയും നേരിടേണ്ടിവരും.
ഈ നീക്കം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും തൊഴില്‍ മേഖലയ്ക്കും കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ‘ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിംഗ് (RMG) മേഖലയില്‍ നിന്ന് ജിഎസ്ടി, ആദായനികുതി ഇനത്തില്‍ ഇന്ത്യക്ക് വര്‍ഷം 20,000 കോടി രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. ഈ നിരോധനം സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങലിലൊന്നിനെയാണ് ഇല്ലാതാക്കുന്നത് ‘ അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഈ ബില്‍ ഐടി മേഖലയിലെ ഇത്തരം സംരംഭങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും ഏകദേശം 4 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് കാര്‍ത്തി ചിദംബരം ആരോപിച്ചു. ജിഎസ്ടി, ടിഡിഎസ് ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്ന 20,000 കോടി രൂപയുടെ വരുമാനം ഇല്ലാതാകും. കൂടാതെ, 6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നഷ്ടമാകുകയും ഭാവിയുടെ നിക്ഷേപ സാധ്യതകളെ തടസ്സപ്പെടുത്തുകയും ചെയ്യും,’ കാര്‍ത്തി ചിദംബരം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
നിരോധനം നടപ്പിലാകുന്നതോടെ രണ്ടായിരത്തിലധികം ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകളും, ഐടി, എഐ, ഡിസൈന്‍ തുടങ്ങിയ മേഖലകളിലെ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇല്ലാതാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ മേഖലയിലേക്ക് 23,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് എത്തിയത്. സര്‍ക്കാരിന്റെ ഈ പ്രവചനാതീതമായ നയംമാറ്റം വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി വിപരീത ഫലമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന കമ്പനികളെ നിരോധിക്കുന്നത്, ഉപയോക്താക്കളെ 8.2 ലക്ഷം കോടി രൂപയുടെ അനധികൃത ഓഫ്ഷോര്‍ പ്ലാറ്റ്ഫോമുകളിലേക്ക് തള്ളിവിടും. ഇത് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ്, ഡാറ്റാ മോഷണം എന്നിവയ്ക്ക് വഴിവെക്കുമെന്നും അഭിപ്രായം ഉയരുന്നു. ‘നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടത്. വൈദഗ്ധ്യമുള്ള ഗെയിമുകളെ വേര്‍തിരിച്ചറിയുന്ന, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന, പരാതി പരിഹാര സംവിധാനങ്ങളുള്ള ഒരു പുരോഗമനപരമായ ചട്ടക്കൂടാണ് ഇന്ത്യക്ക് ആവശ്യം
രാജ്യത്തെ പ്രമുഖ ഗെയിമിംഗ് ഫെഡറേഷനുകളായ ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷന്‍ (AIGF), ഇ-ഗെയ്മിംഗ് ഫെഡറേഷന്‍ (EGF), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാന്റസി സ്‌പോര്‍ട്‌സ് (FIFS) എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സംയുക്തമായി നിവേദനം നല്‍കി. വൈദഗ്ധ്യം ആവശ്യമുള്ള ഗെയിമുകള്‍ ഉള്‍പ്പെടെ എല്ലാ റിയല്‍-മണി ഗെയിമുകളും നിരോധിക്കുന്നത് ഈ വ്യവസായത്തെ തകര്‍ക്കുമെന്നും നിയമവിരുദ്ധ വാതുവെപ്പ് ശൃംഖലകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.