പൊള്ളുന്ന വിലയിൽ മാറ്റമില്ലാതെ സവാള/ഉള്ളി വില. 110 മുതൽ 130 വരെയാണ് കമ്പോളത്തിൽ ഇന്നത്തെ ഉള്ളിവില. അതേസമയം സവാളയുടെയും ചെറിയുള്ളിയുടെയും ദൗർലഭ്യം മുതലെടുത്ത് പല വ്യാപാരികളും പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്.
കുടുംബ ബജറ്റുകളുടെ താളംതെറ്റിച്ച് ചെറിയുള്ളിക്കും സവാളയ്ക്കും വില കയറുമ്പോൾ ഈ അവസരം മുതലെടുക്കാനാണ് വൻകിട കച്ചവടക്കാരും ഇടനിലക്കാരും ശ്രമിക്കുന്നത്. സവാളയ്ക്ക് വില കിലോ 110 മുതൽ 130 രൂപ വരെ ഉയർന്നു. ചെറിയുള്ളിക്ക് കിലോ 128-135 രൂപവരെയെത്തി. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ പ്രധാന കമ്പോളങ്ങളിൽ വില തോന്നിയതുപോലെയാണ് ഈടാക്കുന്നത്. ഇതേതുടർന്ന്‌ലീഗൽ മെട്രോളജിയും സപ്ലൈകോയും സംയുക്തമായി ജില്ലയിൽ പരിശോധന വ്യാപകമാക്കി.
തമിഴ്നാട്ടിലെ ഉൽപ്പാദന കേന്ദ്രങ്ങളിലുണ്ടായ മഴക്കെടുതി മൂലമാണ് ജില്ലയിലെ പ്രധാന കമ്പോളങ്ങളിലേക്ക് ഉള്ളിയും സവാളയും യഥേഷ്ടം വരാതായത്.
കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, കടയ്ക്കൽ, പുത്തൂർ, ഭരണിക്കാവ്, കരുനാഗപ്പള്ളി തുടങ്ങിയ ജില്ലയിലെ പ്രധാന കമ്പോളങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും ചെറിയുള്ളിയും സവാളയും കിട്ടാതായി. ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും സവാളയും ഉള്ളിയും പൂഴ്ത്തിവച്ചിരിക്കുന്നതും വില കൂടാൻ കാരണമായി.
ഉള്ളിക്ക് പുറമേ മറ്റ് പലവ്യജ്ഞനങ്ങൾക്കും വില ഗണ്യമായി കൂടുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉഴുന്നിന് 35 രൂപയാണ് കൂടിയത്. വെളുത്തുള്ളിയുടെ വിലയും കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് ഉയരുകയാണ്.