സിപിഎം ഭരിക്കുന്ന കണ്ണൂര്‍ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു കോടിയുടെ വായ്പ്പാത്തട്ടിപ്പ്

Jaihind Webdesk
Wednesday, July 17, 2024

 

കണ്ണൂര്‍: സിപിഎം ഭരിക്കുന്ന കണ്ണൂര്‍ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു കോടിയുടെ വായ്പ്പാത്തട്ടിപ്പ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് സമാനമായ രീതിയില്‍ വ്യാജരേഖയിലാണ് 10 പേര്‍ക്ക് 10 ലക്ഷം വീതം വായ്പ അനുവദിച്ചത്. ഒരാള്‍ക്കു വേണ്ടി പലരുടെയും പേരില്‍ വായ്പ നല്‍കി. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ സി. രാജേഷ്, സെക്രട്ടറി സി. സത്യഭാമ എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത് തലയൂരാന്‍ ബാങ്ക് ഭരണസമിതിയുടെ ശ്രമം.

2019 ജനുവരി 19-നാണ് 10 പേര്‍ക്കും വായ്പ അനുവദിച്ചത്. ആവശ്യമായ ഈട് ലഭിക്കാതെയും ദൂരപരിധി ലംഘിച്ചുമാണ് വലിയ തുക വായ്പ അനുവദിച്ചത്. ആദ്യകാലത്ത് കുറ ച്ച് തുക തിരിച്ചടച്ചിരുന്നു. ഡിപ്പോസിറ്റ് കളക്ടറാണ് തിരിച്ചടവിനുള്ള പണം ഒരു സ്ഥാപ ത്തില്‍നിന്ന് ശേഖരിച്ചിരുന്നത്. 10 പേരുടെയും തുക ഒറ്റ സ്ഥാപനത്തില്‍ നിന്നാണ് ശേഖ രിച്ചതെന്നതും വിചിത്രമാണ്. നിലവിലെ സെക്രട്ടറി ടി.സി. കരുണനാണ് ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. 18/3/ 2023 ചക്കരക്കല്‍ പോലീസ് കേസ്സെടുത്തു. എന്നാല്‍ മറ്റു നടപടികള്‍ ഉണ്ടായില്ല.

പോലീസ് കേസെടുത്തെങ്കിലും ബാങ്ക് ഭരണസമിതി അംഗങ്ങളായ പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതികള്‍ ജാമ്യവും എടുത്തിട്ടില്ലെന്ന് പോലീസ് സ്റ്റേഷനിലെ രേഖകളില്‍ നിന്ന് വ്യക്തമാണ്. ഭരണസമിതി അറിയാതെ ഇത്ര വലിയ തുക വായ്പ കൊടുക്കാന്‍ ആവില്ലെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥരെ ബലിയാടാക്കിയതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. പാര്‍ട്ടിയെ ഭയന്ന് അവര്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. വായ്പ അനുവദിക്കുമ്പോള്‍ വി.കെ. കരുണന്‍ ആയിരുന്നു ബാങ്ക് പ്രസി ഡന്റ്. ഇയാള്‍ സിപിഎം ഉന്നത നേതാവിന്‍റെ ബന്ധുവാണ്. അയാളെ സംരക്ഷിക്കുവാനാണ് ശ്രമമെന്ന സൂചനയുമുണ്ട്.