കരിപ്പൂരില്‍ വന്‍ എം ഡി എം എ വേട്ട. 1665 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അയനിക്കാട് താമസിക്കുന്ന, ആഷിഖ് എന്നയാളുടെ വീട്ടില്‍ നിന്നാണ് എം ഡി എം എ പിടി കൂടിയത്. രണ്ടു ദിവസം മുമ്പ് കൊച്ചി മട്ടാഞ്ചേരി പോലീസ് ലഹരികേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഡാന്‍സാഫ് സ്‌ക്വാഡും കരിപ്പൂര്‍ പോലീസും ചേര്‍ന്നാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. പ്രതിക്ക് ഒമാനില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. പിടികൂടിയ രാസലഹരിക്ക് 50 ലക്ഷത്തോളം രൂപ വിലവരും. മൊത്തവിതരണവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണത്തിലാണ് ഇത്രയധികം രാസലഹരി പിടികൂടാനായത് എന്നാണ് സൂചന.
കോട്ടയത്ത് കുറവിലങ്ങാട് കഞ്ചാവ് ലഹരിയില്‍ യുവാവിന്റെ പരാക്രമം.വഴിയരികില്‍ നിന്ന മറ്റൊരു യുവാവിനെ പ്രകോപനം കൂടാതെ എടുത്ത് കിണറ്റിലിട്ടു. കുറവിലങ്ങാട് ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. നിരവധി ലഹരി കേസുകളില്‍ ഉള്‍പ്പെട്ട ജിതിന്‍ ആണ് അക്രമം നടത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു. കല്ലോലില്‍ ജോണ്‍സണ്‍ കെ ജെ ആണ് കിണറ്റില്‍ വീണത്.. പാലായില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റും മരങ്ങാട്ടുപിള്ളി പോലീസും സ്ഥലത്തെത്തി ജോണ്‍സനെ കരയ്ക്ക് കയറ്റി . സംഭവത്തില്‍ ജോണ്‍സണ്‍ പോലീസില്‍ പരാതി നല്‍കി.