പേരിന്‍റെ പെരുമയുമായി ഓണപുട ഗ്രാമം

Jaihind News Bureau
Sunday, September 8, 2019

മലയാളികൾ ഓണാഘോഷ നിറവിൽ നിൽക്കുമ്പോൾ ഓണവുമായി ബന്ധമുള്ള ഒരു സ്ഥല നാമമുണ്ട് മലപ്പുറം ജില്ലയിൽ. പെരിന്തൽമണ്ണ – മങ്കട മണ്ഡലങ്ങളുടെ അതിർത്തി ഗ്രാമമാണ് ഓണപുട എന്നു പേരുള്ള ഗ്രാമമുള്ളത്. ഓണപുടവ എന്നത് ലോപിച്ചാണ് ഓണപുട ആയതെന്നാണ് കരുതുന്നത്.

ഓണമെന്ന് കേട്ടാലോർമ വരിക ഓണപുടവയാണ്. ആ ഓണപുടവയുമായി ബന്ധപ്പെട്ടു തന്നെയാണ് ഈ സ്ഥലനാമത്തിന്‍റെ പിറവിയും.പെരിന്തൽമണ്ണ മങ്കട മണ്ഡലങ്ങളുടെ അതിർത്ഥി ഗ്രാമമാണ് ഓണപുട. ഓണപുടാത്ത് കളരിയുമായി ബന്ധമുള്ള ഈ സ്ഥലനാമത്തിന് അഞ്ഞൂറ് വർഷത്തോളം പഴക്കം കണക്കാക്കുന്നു.

ഓണപുടാത്തെ പ്രശസ്തനായ കളരി അഭ്യാസിയായിരുന്നു കുഞ്ഞൻപണിക്കർ. കുഞ്ഞൻപണിക്കരിൽ നിന്നും കളരി പഠിക്കാനായി ആളുകൾ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തി. പ്രശസ്തനായി തീർന്ന അദ്ദേഹം നാട്ടുപ്രമാണിയുടെ ക്ഷണമനുസരിച്ച് കണ്ണൂരിലെത്തി. നാടെങ്ങും കളരി അഭ്യാസവുമായി നടന്ന കുഞ്ഞൻ പണിക്കർ വർഷത്തിലൊരിക്കൽ ഓണ നാളിൽ സ്വന്തം തറവാട്ടിലെത്തുമായിരുന്നു. ആലംബഹീനർക്ക് അദ്ദേഹം ഓണപുടവയും ഓണസദ്യയും നൽകി.

വറുതിയുടെയും ദാരിദ്യത്തിന്‍റെയും ആ കാലത്ത് പുടവ ലഭിക്കുന്ന ഈ സ്ഥലത്തെ ആളുകൾ ഓണപുടവയെന്ന് വിളിച്ചു. പിന്നിടത് ലോപിച്ച് ഓണപുടയായി.

കുഞ്ഞൻ പണിക്കരുടെ കളരിയഭ്യാസം നടന്ന കളരിയും ഇവിടെ കാണാം. അദ്ദേഹത്തിന്‍റെ സമാധി സ്ഥലവും തൊട്ടടുത്ത് തന്നെയാണ്.

https://youtu.be/znMhVwpwKb4