ഓണത്തോട് അനുബന്ധിച്ചു പ്രവാസികളും ആഘോഷനിറവിലാണ്. മലയാളി ഹെല്‍പ് ഓണത്തിന്റെ ഭാഗമായി ഒരുക്കിയ ഏറ്റവും വലിയ കാര്‍ണിവല്‍ ആയ ‘കെഡബ്ലിയു കാര്‍ണിവല്‍’ കാനഡയിലെ കേംബ്രിഡ്ജില്‍ വെച്ച് നടന്നു. കാനഡയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിയാണിത്. രാവിലെ വടംവലിയോട് കൂടിയാണ് ഓണ പരിപാടികള്‍ ആരംഭിച്ചത്. കൂടാതെ, കുട്ടികളുടെ നൃത്ത മത്സരങ്ങളും, ഒപ്പം മറ്റ് മത്സരങ്ങളും, സിനിമാറ്റിക് ഡാന്‍സ്, പാട്ടുകള്‍ എന്നിങ്ങനെയുള്ള വിവിധ കലാപരിപാടികളും നടത്തി. നയാഗ്ര തരംഗത്തിന്റെ ശിങ്കാരിമേളത്തോടെയുള്ള മാവേലിയുടെ വരവ്, ബെല്ലി ഡാന്‍സ്, സാംബ ഡാന്‍സ് എന്നിവയും ഒടുവില്‍ പര്‍പ്ള്‍ ഡി നടത്തിയ ഡി.ജെയോട് കൂടിയുമാണ് ഓണ പരിപാടികള്‍ അവസാനിച്ചത്. തട്ടുകടയും കേരള ഭക്ഷണവും മികവുറ്റ രീതിയില്‍ ഒരുക്കിയത് കാര്‍ണിവലിന്റെ മറ്റൊരു പ്രത്യേകത ആയിരുന്നു. 5000 ത്തില്‍ പരം മലയാളികള്‍ പങ്കെടുത്ത ‘കെഡബ്ലിയു കാര്‍ണിവലി’ലൂടെ മലയാളികള്‍ക്ക് മികച്ച ഒരു ഓണം വിരുന്നൊരുക്കാന്‍ മലയാളി ഹെല്‍പ് സംഘാടകര്‍ക്ക് കഴിഞ്ഞു.
വര്‍ണ പൊലിമയോടെ നടന്ന കെഡബ്ലിയു കാര്‍ണിവലിന്റെ ഉദ്ഘാടനത്തില്‍ മലയാളി ഹെല്‍പ് പ്രസിഡന്റ് റിനില്‍ മക്കോരം വീട്ടില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജില്‍ പി എസ് സ്വാഗതവും, ജനറല്‍ സെക്രട്ടറി/ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിതിന്‍ ജോസ് നന്ദിയും പറഞ്ഞു.
കേംബ്രിഡ്ജ് മേയര്‍ ജാന്‍ ലിഗേറ്റ്, കിച്ചനെര്‍ മേയര്‍ ബെറി വര്‍ബാനോവിക്, എംപി മാരായ കോന്നി കോഡീ, ബര്‍ദിഷ് ചാഗ്ഗര്‍, എം.പി.പി മാരായ ഐസിലിന്‍ ക്ലാന്‍സി, ജെസ് ഡിക്സണ്‍, വാടര്‍്‌ലൂ പോലീസ് ഇന്‍സ്പെക്ടര്‍ ബ്രോസ്സ്ഒ, മെഗാ സ്‌പോണ്‍സര്‍ മനോജ് കരാത്ത, മോര്‍ട്ടഗേജ് ബ്രോക്കര്‍ രഞ്ജു കോശി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു.
40 ഇല്‍ പരം വിവിധ തരത്തിലുള്ള സ്റ്റാളുകള്‍ ഓണച്ചന്തക്കായി ഉണ്ടായിരുന്നത് കാര്‍ണിവലിന്റെ പൊലിമ കൂട്ടി. മലയാളികള്‍ക്ക് ഓണാഘോഷത്തിനുള്ള എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമായിരുന്നു. കേംബ്രിഡ്ജ് ഫുഡ് ബാങ്കുമായി സഹകരിച് ഫുഡ് ഡോണെഷന്‍ ക്യാമ്പും സംഘടന കാര്‍ണിവലില്‍ ഒരുക്കിയിരുന്നു. ആഗസ്റ്റ് 30 നാണ് ഓണത്തിന്റെ ഈ ഗംഭീര പരിപാടികള്‍ സംഘടിപ്പിച്ചത്. അഭിരാമി ശ്രീകുമാര്‍, ശരത്, വിഷ്ണു മോഹന്‍, അനു ആന്റണി, ഭാഗ്യ , നേഹ ആല്‍ഫിന്‍, ജിഷ്ണു, നന്ദു എന്നിവര്‍ കാര്‍ണിവലിന് നേതൃത്വം നല്‍കി.