ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ലഭ്യമാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ആരോഗ്യപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കുടുംബ സമേതം ഡല്‍ഹിയില്‍ താമസിക്കുന്നവരാണ്. കൊവിഡ്-19 മായി ബന്ധപ്പെട്ട ക്വാറന്‍റയിനും ഐസൊലേഷനും സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടുന്നതായി ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍മൂലം തിരികെപ്പോകാന്‍ സാധിക്കാതെ വന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി നല്‍കുന്ന അയ്യായിരം രൂപയുടെ സാമ്പത്തിക സഹായം 2019 ഒക്ടോബര്‍ ഒന്നു മുതല്‍ നാട്ടിലെത്തിയിട്ടുള്ള എല്ലാ പ്രവാസികള്‍ക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ രണ്ട് മൂന്ന് മാസക്കാലയളവില്‍ അവധിയില്‍ നാട്ടിലെത്തിയതും ലോക്ക്ഡൗണ്‍ മൂലം തിരികെപ്പോകാന്‍ സാധിക്കാതിരുന്നതുമായ പ്രവാസികള്‍ക്ക് നോര്‍ക്ക മുഖാന്തിരം അയ്യായിരം രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ആറ് മാസത്തോളം അവധി ലഭിച്ച് നാട്ടിലെത്തിയ പ്രവാസികളും നിലവില്‍ ഉണ്ട്. 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തിരികെ പോകേണ്ടിയിരുന്ന ഇവര്‍ക്ക് ലോക്ക്ഡൗണ്‍ മൂലം അതിനു സാധിച്ചില്ല. ഇക്കൂട്ടരും ബുദ്ധിമുട്ടിലാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.