ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ 2 പേരിൽ വൈറസ് സ്ഥിരീകരിച്ചു

Jaihind Webdesk
Thursday, December 2, 2021

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്.

വിദേശത്തുനിന്നെത്തിയ 66, 46 വയസുള്ള രണ്ടുപേരിലാണ്  രോഗം കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പത്തു പേരുടെ ഫലം കാത്തിരിക്കുന്നുവെന്നും ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നല്‍കി.

ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യമാണ് (ഐഎൻഎസ്എസിഒജി) ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ വിവിധ ലബോറട്ടറികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും കൂട്ടായ്മയിലൂടെ തുടർച്ചയായി കൊറോണ വൈറസിന്‍റെ ജനിതക വ്യതിയാനം നിരീക്ഷിക്കുന്ന സംവിധാനമാണ് ഐഎൻഎസ്എസിഒജി.