ഒമാന് ചരിത്രത്തില്‍ ആദ്യമായി കിരീടാവകാശി ; ഭരണാധികാരിയുടെ മൂത്തമകന്‍ സയ്യിദ് തെയാസീനാണ് ഒമാന്‍റെ ആദ്യ കിരീടാവകാശി

Jaihind News Bureau
Wednesday, January 13, 2021

മസ്‌കറ്റ് : ഒമാന്‍ ചരിത്രത്തില്‍ ആദ്യമായി, കിരീടാവകാശിയായി സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദിനെ നിശ്ചയിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ മൂത്ത മകനാണ് സയ്യിദ് തെയാസീന്‍.

ചൊവ്വാഴ്ച രാത്രിയാണ് കിരീടാവകാശിയെ നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് വന്നത്. സുല്‍ത്താന്‍റെ മൂത്ത മകനായിരിക്കും അടുത്ത പിന്തുടര്‍ച്ചാവകാശിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. നിലവില്‍ സാംസ്‌കാരിക, കായിക, യുവജനകാര്യ വകുപ്പ് മന്ത്രിയാണ് സയ്യിദ് തെയാസീന്‍. നേരത്തെ, സുല്‍ത്താന്‍ ഖാബൂസിന്‍റെ ഭരണകാലയളവില്‍ കിരീടാവകാശി ഇല്ലായിരുന്നു.

ആധുനിക ഒമാന്‍ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ് സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ്. സുഗമമായ അധികാര കൈമാറ്റത്തിന് പ്രത്യേക സംവിധാനവും പുതിയ അടിസ്ഥാന നിയമത്തിലുണ്ടാകും. മാത്രമല്ല, സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലെ പുരോഗതി സസൂക്ഷ്മം നിരീക്ഷിച്ച് വിലയിരുത്തുന്നതും നിയമത്തിന്‍റെ ഭാഗമാക്കും.