ഔദ്യോഗിക വാഹനം സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിച്ചു; ലതികാ സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണം

ഔദ്യോഗിക വാഹനം സ്വാകാര്യ യാത്രകള്‍ക്ക് വേണ്ടി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കേരള വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷില്‍ നിന്ന് 1 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ഈടാക്കാന്‍ തീരുമാനം. ഔദ്യോഗിക വാഹനത്തില്‍ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് കേരള വനംവികസന കോര്‍പ്പറേഷന്‍ എം.ഡി പ്രകൃതി ശ്രീവാസ്തവ നിര്‍ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലതികാ സുഭാഷിന് കത്ത് നല്‍കി.

ഔദ്യോഗിക വാഹനം കോര്‍പ്പറേഷന്‍ ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ യാത്രകള്‍ക്കായി ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തി.  ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ അടയ്ക്കണം. ജൂണ്‍ 30ന് മുമ്പ് ഈ തുക  അടയ്ക്കണമെന്നാണ് ലതികാ സുഭാഷിനോട് നിര്‍ദേശിച്ചിരിക്കുന്നത്. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍ നിന്ന് തുക ഈടാക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലതികാ സുഭാഷിന്‍റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച എംഡി പിരിച്ചുവിട്ടിരുന്നു.  ചെയര്‍പേഴ്‌സന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരള വനംവികസന കോര്‍പ്പറേഷന്‍ എം.ഡി പ്രകൃതി ശ്രീവാസ്തവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. എന്‍സിപിയിലെ ചേരിപ്പോര് കൂടുതല്‍ ശക്തമാകുന്നതിന്‍റെ സൂചനകളാണ് കാണാനാകുന്നത്.

Comments (0)
Add Comment