സെക്രട്ടറിയേറ്റിലെ തീപിടിത്തം : പൊതുഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥന് സ്വർണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധം

Jaihind News Bureau
Wednesday, August 26, 2020

സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയ്ക്കും സരിത്തിനും സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനുമായി അടുത്ത ബന്ധം. സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ ജീവനക്കാരുമായാണ് ഇരുവരും അടുത്ത ബന്ധം പുലർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ചുമതല വഹിക്കുന്ന പൊതുഭരണ വകുപ്പിന് കീഴിലാണ് പ്രോട്ടോക്കോൾ വിഭാഗം. കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായ ഈ വിഭാഗത്തിലെ ജീവനക്കാരും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളും തമ്മിൽ അടുത്ത ബന്ധം പുലർത്തി യരുന്നു. ഈ ഓഫീസിലെ സ്ഥിരം സന്ദർശകരായിരുന്നു പ്രതികൾ. ജോയിൻ്റ് ചീഫ് പ്രൊട്ടേക്കാൾ ഓഫീസർ ഷൈൻ എം.ഹക്ക്, അഡിഷണൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ രാജീവൻ എന്നിവരുമായാണ് ഇവർ എറ്റവും അടുത്ത ബന്ധം പുലർത്തുന്നത്. വിലയേറിയ സന്മാനങ്ങളും സ്വപ്ന ഇവർക്ക് നൽകിയിരുന്നു.

സെക്രട്ടേറിയറ്റിൽ, യുഎഇ കോൺസുലേറ്റ് അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ കൈകാര്യം ചെയ്യുന്നത് ഇപ്പോള്‍ തീപിടിത്തം ഉണ്ടായ പൊതുഭരണ വിഭാഗമാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിനു തൊട്ടു മുകളിലാണ് തീപിടിത്തമുണ്ടായ ജിഎഡി പൊളിറ്റിക്കൽ (General Administration (Political) Department) വിഭാഗം. കോൺസുലേറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കുള്ള ഡിപ്ലോമാറ്റിക് ഐഡി കാർഡ് നൽകൽ, മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി സുപ്രധാന ചുമതലകളുള്ളതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് കടലാസ് ഫയലുകളാണ് അധികവും.

സംസ്ഥാന സർക്കാരിനു കീഴിലെ മന്ത്രിമാരോ ഉദ്യോഗസ്ഥരോ കോൺസുലേറ്റുമായും മറ്റും ഇടപെടുമ്പോൾ സെക്രട്ടേറിയറ്റിലെ ജിഎഡി പൊളിറ്റിക്കൽ വിഭാഗത്തെ അറിയിച്ചിരിക്കണമെന്നാണു ചട്ടം. ഇവിടുത്തെ ഉദ്യോഗസ്ഥർ സ്വർണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്.

ഉദ്യോഗസ്ഥരും പ്രതികളും ഒരുമിച്ചു നിൽക്കുന്ന ചിത്രം സെക്രട്ടേറിയറ്റിലെ വാട്സാപ് ഗ്രൂപ്പുകളിൽ‌ പ്രചരിച്ചു തുടങ്ങിയിട്ട് ഒരാഴ്ചയായി. എൻഐഎ ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച ഈ ഓഫീസിൽനിന്നു 2 പേർ കോൺസുലേറ്റുമായി ബന്ധപ്പെട്ട രേഖകളുമായി കൊച്ചിയിൽ പോയിരുന്നു. രണ്ടാം വട്ടമാണ് ഈ ഓഫീസിൽ നിന്ന് എൻഐഎയ്ക്ക് രേഖകൾ കൈമാറുന്നത്.

കഴിഞ്ഞ 3 വർഷമായി കോൺസുലേറ്റ് സംഘടിപ്പിക്കുന്ന എല്ലാ പ്രധാന പരിപാടികളിലും ആഘോഷങ്ങളിലും പൊളിറ്റിക്കൽ വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ സ്വപ്ന പ്രത്യേകം ക്ഷണിച്ചിരുന്നു. മുന്തിയ മൊബൈൽ ഫോണുകൾ അടക്കമുള്ള സമ്മാനങ്ങളും നൽകിയിരുന്നു. ഇടയ്ക്കിടെ സ്വപ്നയും സരിത്തും പൊളിറ്റിക്കൽ വകുപ്പിൽ സന്ദർശനം നടത്താറും ഉണ്ടായിരുന്നു.

ചിത്രത്തില്‍ സ്വപ്നയ്ക്കൊപ്പം നിൽക്കുന്ന ജോയിന്‍റ് പ്രോട്ടോക്കോള്‍ ഓഫീസർ ഷൈൻ.പി.ഹഖ് ഇടതു പക്ഷ സഹയാത്രികനും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന ആളാണ്. ശിവശങ്കരനുമായും, സ്വപ്നയുമായും ഇയാള്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളത്. തിങ്കളാഴ്ച ഇദ്ദേഹത്തിന് കൊവിഡ് ടെസ്റ്റ് നടത്തി പോസ്റ്റീവ് ആണെന്ന് കണ്ടതിനെ തുടർന്നാണ് ആ സെക്ഷന്‍ രണ്ട് ദിവസത്തേയ്ക്ക് അടച്ചിട്ടത്.

വി എസ് അച്യുതാനന്ദന്‍  മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ കോടിയേരി ബാലകൃഷ്ണന്‍റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളാണ് ഇപ്പോഴത്തെ അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറായ രാജീവന്‍.  ഇന്നലെ തീ കത്തിയപ്പോൾ ആദ്യം എത്തിയ ഒരാളും രാജീവനായിരുന്നു. മാത്രമല്ല മാധ്യമ പ്രവർത്തകരെ സംഭവം ചിത്രീകരിക്കുന്നത് തടയാൻ ശ്രമിച്ചതും ഇദ്ദേഹമായിരുന്നു. ഇയാള്‍ക്കും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ഉണ്ട്

യു.എ.ഇ അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ കൈകാര്യം ചെയ്യുന്ന പ്രോട്ടോക്കോൾ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന വാദം ശരിവെയ്ക്കുന്നതാണ് പ്രതികളുമായി ഉള്ള ഈ ഉദ്യോഗസഥരുടെ ബന്ധം.