ഏതാനും വരകൾ കൊണ്ട് ഒരു കാർട്ടൂണിസ്റ്റിന് ഉമ്മൻചാണ്ടിയെ എളുപ്പത്തിൽ കോറിയിടാം. എന്നാൽ 75ന്‍റെ കർമ്മപഥത്തിലെത്തുന്ന ഉമ്മൻചാണ്ടിയെ അക്ഷരങ്ങളിലൂടെ കോറിയിടുക എളുപ്പമല്ല. സവിശേഷതകളുടെ യാത്രയായിരുന്നു ഉമ്മൻചാണ്ടിയുടെ ജീവിതം.
ഒക്‌ടോബർ 31 എപ്പോഴും ചരിത്രത്തിന്‍റെ ഏടുകളിൽ അടയാളമായി നിൽക്കുന്ന ഒരു ദിനമാണ്. ഉമ്മൻചാണ്ടിയുടെ ജന്മദിനവും ഇന്ദിരാഗാന്ധിയുടെ ചരമദിനവും ഒരുദിവസമായത് ചരിത്രത്തിന്‍റെ യാദൃശ്ചികതയായിരിക്കാം. അതുകൊണ്ടുതന്നെ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് ജന്മദിന ആഘോഷങ്ങളില്ല. തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ എന്നും റോൾ മോഡലായി നിന്ന ഇന്ദിരാഗാന്ധി തന്നെയാണ് രാഷ്ട്രീയ വഴിയിൽ ഉമ്മൻചാണ്ടിക്ക് ഊർജ്ജം പകർന്നതും.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഉമ്മൻചാണ്ടി 1970ൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ 27 ആമത്തെ വയസിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ കേരള രാഷ്ട്രീയത്തിൽ ആലേഖനം ചെയ്ത പേരായിരുന്നു അന്നുമിന്നും ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയുടെ കർമമണ്ഡലം എപ്പോഴും ജനങ്ങൾക്കിടയിലായിരുന്നു. ഈ കർമധീരനായ നേതാവ് ഭരണ രംഗത്തും ഒട്ടേറെ പരിഷ്‌കാരങ്ങളും പുതുവഴികളും ജനങ്ങൾക്ക് വേണ്ടി ചെയ്തു എന്നത് ചരിത്രം രേഖപ്പെടുത്തിയതാണ്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടി ദേശീയ തലത്തിലും ആഗോള തലത്തിലും വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. 2013ൽ ജനസമ്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്രസഭ പുരസ്‌കാരം നൽകി ആദരിച്ചത് ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണത്തിനും സമർപ്പണത്തിനുമുള്ള ആദരവായി.
കെ.കരുണാകരനുശേഷം ഏറ്റവും കൂടുതൽ വികസന നേട്ടം കേരളം കൈവരിച്ചത് ഉമ്മൻചാണ്ടിയുടെ കാലത്തായിരുന്നു എന്നത് മറ്റൊരു സവിശേഷതയാകുന്നു. വല്ലാർപാടം, വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി, ശബരിമല മാസ്റ്റർ പ്ലാൻ, കണ്ണൂർ വിമാനത്താവളം, തുടങ്ങി നിരവധി പദ്ധതികളാണ് ഉമ്മൻചാണ്ടിയുടെ കാലത്ത് ആവിഷ്‌കരിച്ചത്.
തൊഴിൽ മന്ത്രി ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത ഉമ്മൻചാണ്ടി ഭരണ രംഗത്തും തന്‍റേതായ പാടവവും ശൈലിയും സൃഷ്ടിച്ച് ജനങ്ങളുടെ ആദരവിന് പാത്രമായതും ചരിത്രം. 1977ൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തൊഴിൽ ഇല്ലായ്മ വേതനം കൊണ്ടുവരികയും അത് നടപ്പാക്കുകയും ചെയ്തത് ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണമായിരുന്നു.
അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ജനങ്ങൾക്ക് നടവിൽ മാത്രം കാണുന്ന ഉമ്മൻചാണ്ടി മറ്റു നേതാക്കളിൽ നിന്നും വേറിട്ട് നിൽക്കുന്നു. രാഷ്ട്രീയ പ്രതിയോഗികൾക്കും എതിർ രാഷ്ട്രീയ ചേരിക്കും ഉമ്മൻചാണ്ടി എന്ന നേതാവിനെ വിവാദത്തിലും ആരോപണങ്ങളിലും തളച്ചിടാൻ സാധിക്കാത്തത് എളിമ നിറഞ്ഞ പ്രവർത്തന ശൈലിയും ജനങ്ങളുടെ മനസിൽ ജീവിക്കുന്ന നേതാവെന്ന വിശേഷണവുമാണ് ഉമ്മൻചാണ്ടിയുടെ കീർത്തിമുദ്ര. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് സഹപ്രവർത്തകരുടെ ഓസി കേരളം കടന്ന് ആന്ധ്രയിലെത്തുമ്പോൾ ഓസിഗാരുവായി മാറുന്നതും സവിശേഷമായ അനുഭവങ്ങളിൽ നിന്ന് സ്ഫുടം ചെയ്‌തെടുത്ത ജീവിത പാഠങ്ങളായിരുന്നു. ആഘോഷങ്ങളില്ലാത്ത നേതാവിന് ടീം ജയ്ഹിന്ദിന്‍റെ ജന്മദിന ആശംസകൾ.