കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് ഒ.രാജഗോപാല്‍; പ്രമേയം പാസ്സാക്കിയത് ഐക്യകണ്ഠ്യേന

Jaihind News Bureau
Thursday, December 31, 2020

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. പ്രമേയം പാസായത് ഐക്യകണ്ഠേനയാണെന്നും കർഷക നിയമം പിൻവലിക്കേണ്ടതാണെന്നും അദ്ദേഹം നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോളും ഒ രാജഗോപാൽ എതിർത്തിരുന്നില്ല.

കേന്ദ്ര കർഷക നിയമത്തിൽ സംസ്ഥാനത്തെ ഏക ബിജെപി അംഗം ഒ രാജഗോപാൽ കേന്ദ്ര സർക്കാറിനെ തള്ളിപ്പറഞ്ഞത് പാർട്ടിക്ക് തലവേദന ആയി .
കേന്ദ്ര കർഷക നിയമത്തിനെതിരായ പ്രമേയത്തിൽ നിയമസഭയിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ ഒ രാജഗോപാൽ പ്രമേയത്തെ എതിർത്തിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

ശബ്ദവോട്ടോടെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോഴും രാജഗോപാൽ എതിർത്തിരുന്നില്ല. സഭ ഐക്യകണ്ഠ്യേനയാണ് പ്രമേയം പാസാക്കുന്നതെന്നും സ്പീക്കർ പറഞ്ഞപ്പോഴും ബിജെപി അംഗത്തിന്‍റെ നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കി. ഇതോടെയാണ് സഭയ്ക്ക് പുറത്ത് വന്ന അദ്ദേഹം തന്‍റെ നിലപാട് വിശദീകരിച്ചത്. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചതാണെന്നും കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഒ രാജഗോപാൽ പറഞു.

പ്രമേയത്തിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നത് സഭയിൽ ചൂണ്ടി കാട്ടി എന്നാണ് രാജപോലൈന്റെ വാദം . മാധ്യമ പ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും അദ്ദേഹം നിലപാടിൽ ഉറച്ചു നിന്നു. നേരത്തെയും രാജഗോപാൽ സഭയിൽ എടുക്കുന്ന നിലപാട് ബിജെപിക്ക് തലവേദന
ഉണ്ടാക്കിട്ടുണ്ട്.

അതേസമയം, ഒ.രാജഗോപാലിന്‍റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒ.രാജഗോപാലുമായി സംസാരിച്ചശേഷം പ്രതികരിക്കാമന്നും അദ്ദേഹം പറഞ്ഞു.