ഇടതുനേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നു ; ശബരിമലയില്‍ സര്‍ക്കാരിനെതിരെ വീണ്ടും എന്‍എസ്എസ്

Jaihind News Bureau
Monday, March 22, 2021

കോട്ടയം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും എന്‍എസ്എസ്. സംഘടനയ്‌ക്കെതിരായ ഇടതുപക്ഷനേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതല്‍ ഇറങ്ങിത്തിരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍.എസ്.എസിനോ, എന്‍.എസ്.എസ് നേതൃത്വത്തിലുള്ളവര്‍ക്കോ പാര്‍ലമെന്ററി മോഹങ്ങളൊന്നും തന്നെയില്ല. സ്ഥാനമാനങ്ങള്‍ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി ഏതെങ്കിലും സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതില്‍ക്കല്‍ പോയിട്ടുമില്ല. വിശ്വാസസംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ഇന്നോളം എന്‍.എസ്.എസ്. നിലകൊണ്ടിട്ടുള്ളത്. എന്‍.എസ്.എസ്. എന്നും വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണെന്നും അതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളും, അവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോകുന്നവര്‍ക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എന്‍.എസ്.എസിനെതിരെയുള്ള ഇത്തരം വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.