ആവശ്യമുള്ളപ്പോള്‍ മന്നത്തെ ഉയർത്തിക്കാട്ടും, അവസരം കിട്ടുമ്പോള്‍ അവഗണിക്കും ; സർക്കാരിന് ഇരട്ടത്താപ്പെന്ന് എന്‍എസ്എസ്

തിരുവനന്തപുരം : സിപിഎം മുഖപത്രം ദേശാഭിമാനിയിലെ മന്നം അനുസ്മരണ ലേഖനം തള്ളി എന്‍എസ്എസ്. ആവശ്യമുള്ളപ്പോള്‍ മന്നത്തിനെ നവോത്ഥാന നായകനാക്കുകയും അവസരം കിട്ടുമ്പോള്‍ അവഗണിക്കുകയും ചെയ്യുന്നത് ഇടത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.  ഗുരുവായൂര്‍ സത്യാഗ്രഹ സമരസ്മാരക ഉദ്ഘാടന വേളയില്‍ മന്നത്തെ ഓര്‍മ്മിക്കാനോ സ്മാരകത്തില്‍ പേര് ചേര്‍ക്കാനോ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇത് അധാര്‍മ്മികവും ബോധപൂര്‍വമായ അവഗണനയാണെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.

അതേസമയം മന്നം സമാധിദിനത്തിലാണ് നവോത്ഥാന നായകനെന്ന നിലയില്‍ മന്നത്ത് പത്മനാഭനെ പ്രകീര്‍ത്തിച്ചുകൊണ്ട് സിപിഎം മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സിപിഎം സംസ്ഥാനസമിതിയംഗം വി.ശിവദാസന്‍റെതായിരുന്നു ലേഖനം. മന്നത്തിന് എകെജിക്ക് തുല്യം സ്ഥാനം നല്‍കിയിരിക്കുന്ന ലേഖനത്തില്‍, ഗുരുവായൂര്‍ സത്യഗ്രഹത്തിന്‍റെ പ്രചാരണാര്‍ത്ഥം എ.കെ.ജി ഗുരുവായൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നയിച്ച ജാഥ വിജയിപ്പിക്കുന്നതില്‍ മന്നം വഹിച്ച പങ്ക് വളരെ വലുതാണെന്ന് പറയുന്നു.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാലും മന്നത്തിന്‍റെ നവോത്ഥാന സമരത്തിലെ സംഭാവനകളെ ചെറുതാക്കി കാണുന്നതിനെ ആരും ഇഷ്ടപ്പെടില്ലെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ വിമോചനസമരകാലത്ത് മന്നം സ്വീകരിച്ച നിലപാട് സംബന്ധിച്ച് ലേഖനത്തില്‍ പറയുന്നില്ല.  ശബരിമല സമരത്തിലെ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മന്നത്തെ പ്രകീർത്തിച്ചുള്ള ലേഖനമെന്നതും ചർച്ചയായിരുന്നു.

Comments (0)
Add Comment