‘തുഷാർ ദൂതനായത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പിന്നിൽ ബിജെപി രാഷ്ട്രീയം’; വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തെ തള്ളി സുകുമാരൻ നായർ

Jaihind News Bureau
Monday, January 26, 2026

എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറാനുള്ള യഥാർത്ഥ കാരണങ്ങൾ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തുറന്നുപറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ഐക്യ നീക്കത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ചർച്ചകൾ അവസാനിപ്പിച്ചത്.

ഐക്യ ചർച്ചകൾക്കായി എൻഡിഎ നേതാവ് കൂടിയായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനായി അയച്ചതിനെ സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചു. ബിജെപി മുന്നണിയുടെ പ്രമുഖ നേതാവായ തുഷാർ ചർച്ചകൾക്ക് വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കും. “അച്ഛൻ എന്തിനാണ് മകനെ ദൂതനായി അയക്കുന്നത്? മകൻ എൻഡിഎയുടെ നേതാവല്ലേ, അപ്പോൾ രാഷ്ട്രീയം വ്യക്തമല്ലേ” എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. തുടക്കത്തിൽ ഇത്തരമൊരു സംശയം തോന്നിയില്ലെങ്കിലും പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ടതോടെയാണ് പിന്മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസിന്റെ പ്രഖ്യാപിത നിലപാടായ സമദൂര നയത്തിന് വിരുദ്ധമാണ് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഐക്യം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചത്. തുഷാറിനെ ദൂതനാക്കിയ എസ്എൻഡിപിയുടെ നീക്കത്തിൽ എൻഎസ്എസിന് ശക്തമായ സംശയമുണ്ടെന്നും സുകുമാരൻ നായർ വിവരിച്ചു. കാര്യങ്ങൾ കണ്ടാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.