ആധുനിക നിയമവിദ്യാഭ്യാസത്തിന്‍റെ പിതാവ് ഡോ.എൻ.ആർ.മാധവ മേനോൻ അന്തരിച്ചു

Jaihind Webdesk
Wednesday, May 8, 2019

ആധുനിക നിയമവിദ്യാഭ്യാസത്തിന്‍റെ പിതാവ് പദ്മശ്രീ ഡോ.എൻ.ആർ.മാധവ മേനോൻ അന്തരിച്ചു. 84 വയസായിരുന്നു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നു എൻ ആർ മാധവ മേനോൻ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ ഇന്ന് ഉച്ചക്ക് 2.30ന് നടക്കും. 1935 മേയ് നാലിന് രാമകൃഷ്ണ മേനോന്റെയും ഭവാനി അമ്മയുടെയും ആറ് മക്കളിൽ നാലാമനായി പൂജപ്പുരയിലാണ് മാധവമേനോന്റെ ജനനം.
എസ്.എം.വി ഗവ. ഹൈസ്‌കൂളിൽ നിന്ന് 1949ൽ മെട്രിക്കുലേഷൻ വിജയിച്ചു. 1950ൽ പ്രീ യൂണിവേഴ്‌സിറ്റിയും 1953ൽ ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും നേടി. എറണാകുളം ലാ കോളേജിൽ നിയമ പഠനത്തിന് ചേർന്ന മേനോൻ 1953ൽ കോളേജ് തിരുവനന്തപുരത്ത് പുനരാരംഭിച്ചപ്പോൾ അവിടേക്ക് മാറുകയും 1955ൽ പഠനം പൂർത്തിയാക്കുകയും ചെയ്തു. അതേവർഷം തന്നെ വി.നാഗപ്പൻ നായരുടെ കീഴിൽ വക്കീൽ പരിശീലനവും ആരംഭിച്ചു. 1956ൽ കേരള ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്തു.

തുടർന്ന് സിവിൽ സർവീസ് പരീക്ഷ പാസായി ഡൽഹിയിൽ കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസിൽ പ്രവേശിച്ചു. 1960ൽ അലിഗഡ് മുസ്‌ളിം യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽ.എൽ.എം പാസായി. 1965ൽ പി.എച്ച്.ഡി നേടി. അലിഗഡിൽ നിന്ന് നിയമത്തിൽ ആദ്യ പി.എച്ച്.ഡി നേടിയതും മേനോനാണ്. 1965ൽ ഡൽഹിയിലെ കാമ്പസ് ലാ സെന്റർ മേധാവിയായി.1986ൽ നാഷണൽ ലാ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എൻ.എൽ.എസ്.ഐ.യു) സ്ഥാപിച്ച മാധവ മോനോൻ വൈസ് ചാൻസലറായി 12 വർഷം പ്രവർത്തിച്ചു. പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സെന്ന ആശയം മുന്നോട്ട് വച്ചതും മേനോനാണ്.

1998 മുതൽ 2003 വരെ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് ജുറിഡിക്കൽ സയൻസസിന്റെ സ്ഥാപക വി.സിയായിരുന്നു. ഭോപ്പാലിൽ ദേശീയ ജുഡിഷ്യൽ അക്കാഡമി സ്ഥാപിക്കുന്നതിന് സുപ്രീംകോടതി അദ്ദേഹത്തിന്റെ സേവനം തേടിയിരുന്നു. 2006ൽ വിരമിക്കുന്നത് വരെ അക്കാഡമിയുടെ സ്ഥാപക ഡയറക്ടറായിരുന്നു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ക്രിമിനൽ ജസ്റ്റിസ് പരിഷ്‌കരണ കമ്മിറ്റി, ഉന്നത വിദ്യാഭ്യാസ പുനർരൂപീകരണ കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു. രണ്ട് തവണ ലാ കമ്മിഷൻ അംഗമായി. കോമൺവെൽത്ത് ലീഗൽ എഡ്യുക്കേഷൻ അസോസിയേഷന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചു. 1994 -98 കാലത്ത് ബാർ കൗൺസിൽ ഒഫ് ഇന്ത്യ പ്രസിഡന്റായിരുന്നു. 2003ലാണ് പദ്മശ്രീ ലഭിച്ചത്.