അഞ്ചുദിവസത്തിനകം ഫ്‌ളാറ്റ് ഒഴിയണം; തിരുവോണ ദിനത്തില്‍ നഗരസഭയ്ക്കുമുന്നില്‍ നിരാഹാരമിരിക്കുമെന്ന് ഉടമകള്‍

Jaihind News Bureau
Tuesday, September 10, 2019

കൊച്ചി : തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റിലുള്ളവര്‍ അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന് മരട് നഗരസഭ.ഉടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് കോടതി ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ഫ്‌ളാറ്റ് ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങളും കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി. ഇവ സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നദീറ പറഞ്ഞു.

ഫ്‌ലാറ്റുകളില്‍ നോട്ടീസ് ഒട്ടിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഫ്‌ലാറ്റിലെ താമസക്കാരുടെ ഭാഗത്ത് നിന്ന് ചെറിയ പ്രതിഷേധം ഉയര്‍ന്നു.  അതേസമയം തിരുവോണ ദിനത്തില്‍ നഗരസഭയ്ക്കുമുന്നില്‍ നിരാഹാരമിരിക്കുമെന്ന് ഫ്‌ലാറ്റുടമകള്‍ വ്യക്തമാക്കി.  അതേസമയം സുപ്രിംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് മരട് നഗരസഭായോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ നഗരസഭയെ അറിയിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഫ്‌ലാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് അഞ്ചിലെ ഉത്തരവില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കോടതി രജിസ്ട്രി അറിയിച്ചു. കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ ഹര്‍ജികള്‍ സ്വീകരിക്കാന്‍ കഴിയൂ. പരാതിക്കാര്‍ക്ക് തിരുത്തല്‍ ഹര്‍ജി നല്‍കുന്നതിന് തടസ്സമില്ലെന്നും രജിസ്ട്രി അറിയിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ പുതിയ ഹര്‍ജികള്‍ ജഡ്ജിയുടെ മുന്നിലേക്ക് എത്തിയേക്കില്ലെന്നാണ് സൂചന. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനായി സുപ്രിംകോടതി നേരത്തെ മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു. തദ്ദേശ സ്വയംഭരണ സെക്രട്ടറി, കളക്ടര്‍, ചീഫ് മുനിസിപ്പില്‍ ഓഫീസര്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഈ സമിതി ഫ്‌ലാറ്റ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. 16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണം. 15 നിലക്ക് മുകളിലുള്ള നാല് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യം ക്ഷണിച്ച് കൊണ്ട് മരട് നഗരസഭ പത്രങ്ങളില്‍ പരസ്യവും നല്‍കിയിട്ടുണ്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്കാണ് മുന്‍ഗണന. ഈ മാസം 20-നം ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ബെഞ്ചിന്റെ ഉത്തരവ്.