സാധാരണക്കാരെ കാണാത്ത സർക്കാർ; പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ യാതൊന്നും ബജറ്റിലില്ല: രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, February 1, 2023

 

ന്യൂഡല്‍ഹി: പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്ന നിരാശാജനകമായ ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ്. പട്ടിണി, അസമത്വം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാന്‍ യാതൊന്നും തന്നെ ബജറ്റിലില്ലെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞു. രാജ്യത്തെ സാധാരണക്കാരന്‍റെ പ്രതീക്ഷകളെ ബജറ്റിലുടെ മോദി സർക്കാർ ഒറ്റുകൊടുത്തു. പാവപ്പെട്ടവരെയും സാധാരണക്കാരായ ജനങ്ങളുടെ ജീവനോപാധിയെക്കുറിച്ചും കേന്ദ്ര സർക്കാരിന് യാതൊരു ആശങ്കയുമില്ല. രാജ്യത്തിന്‍റെ സമ്പത്ത് കേവലം 1 ശതമാനം ആളുകളിലേക്ക് കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട മേഖലകളിൽ എല്ലാം ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. നടപ്പ് സാമ്പത്തിക വർഷം 7 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചു എന്നതില്‍ അവ്യക്തത ഉണ്ട് . എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പി ചിദംബരം. കോണ്ഗ്രസ് വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ, പവന്‍ ഖേര തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.