നരേന്ദ്രമോദി ഭരിക്കുമ്പോള്‍ മഹാത്മഗാന്ധിക്കുപോലും രക്ഷയില്ല; മോദി കാപട്യക്കാരനെന്നും കെ.സി. വേണുഗോപാല്‍

Jaihind Webdesk
Sunday, February 3, 2019

കാസര്‍കോട്: നരേന്ദ്രമോദി ഭരിക്കുമ്പോള്‍ മഹാത്മാഗാന്ധിക്കുപോലും രക്ഷയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജനമഹായാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഹുല്‍ഗാന്ധിയുടെ നാലുമണിക്കൂര്‍ മാത്രമുണ്ടായ സന്ദര്‍ശനത്തില്‍ ജനാധിപത്യവിശ്വാസികളുടെ ഹൃദയം കവര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ജനങ്ങള്‍ രാഹുല്‍ഗാന്ധിയെ ഉറ്റുനോക്കുകയാണ്.
നോട്ടുനിരോധനവും ജി.എസ്.ടിയും നടത്തി ജനങ്ങളുടെ തൊഴിലും പണവും മോദി നഷ്ടപ്പെടുത്തി. നോട്ടുനിരോധനം പരാജയപ്പെട്ടാല്‍ പച്ചയായി ചുട്ടുകൊന്നോളൂ എന്ന് പറഞ്ഞ മോദിക്ക് അത് ദയനീയ പരാജയപ്പെട്ടിട്ടും മാറ്റമില്ല. കര്‍ഷകര്‍ക്ക് നിലനില്‍പ്പില്ലാത്ത, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഒരു രാജ്യമാക്കി നാലരവര്‍ഷം കൊണ്ട് ഇന്ത്യയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ ഭരണത്തിന്റെ അവസാനകാലത്തും വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പറ്റിക്കുകയാണ്. ഗാന്ധിജിയുടെ പ്രതിമയെ തൊഴുകയും ഗോഡ്‌സേയുടെ പ്രതിമക്ക് മാലയിടുകയും ചെയ്യുന്ന കാപട്യക്കാരനാണ് മോദി – കെ.സി. വേണുഗോപാല്‍ പറഞ്ഞു.