‘ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് സർക്കാരിന്‍റെ ഇടുങ്ങിയ ചിന്താഗതി കൊണ്ടാകാം’; കെ.സി വേണുഗോപാല്‍ എംപി

Saturday, January 21, 2023

 

ന്യൂഡല്‍ഹി: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കാത്തത് സർക്കാരിന്‍റെ ഇടുങ്ങിയ ചിന്താഗതി കൊണ്ടാകാമെന്ന് കെ.സി വേണുഗോപാൽ എംപി. ഉദ്ഘാടനത്തിന് വിളിക്കാത്തതിൽ പരാതിയില്ല. 174 കോടി രൂപയുടെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന് വേണ്ടി അനുമതി നേടിയെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജി സുധാകരനും മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയും പദ്ധതി യാഥാർത്ഥ്യമാക്കാൻ ഏറെ പരിശ്രമിച്ചവരാണെന്നും കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.

ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷ് എംപിയും വ്യക്തമാക്കി. കെ.സി വേണുഗോപാൽ എംപിയെയും ജി സുധാകരനേയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനും കെ.സി വേണുഗോപാലിനെ ക്ഷണിക്കാത്തതിൽ പരാതിയുമായി രംഗത്തെത്തിയിരുന്നു.