ക്ഷേമ പെന്‍ഷനില്ല, പക്ഷെ സ്മൃതി മണ്ഡപം ഉണ്ടാകും; വിവാദങ്ങള്‍ മറികടന്ന് സ്മൃതി മണ്ഡപ നിർമാണം

Jaihind News Bureau
Sunday, February 16, 2025

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശ്ശികയും ആശാ വർക്കർമാരുടെ ശമ്പള വർധനവും കെഎസ്ആർടിസി  ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്നതും ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഒരു വശത്ത്. എന്നാൽ, സ്മൃതി മണ്ഡപങ്ങൾക്കും പ്രതിമകൾക്കും ഫണ്ട് അനുവദിക്കുമ്പോൾ ഈ പ്രതിസന്ധി സർക്കാരിനെ ബാധിക്കുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. സാധാരണക്കാർ പട്ടിണി കിടന്നാലും മന്ത്രിമാർക്കും പാർട്ടി അനുഭാവികള്‍ക്കും 10 വർഷത്തോളമായി സംസ്ഥാനത്ത് സുഖവാസമാണ്. ഇനി എണ്ണപ്പെട്ട നാളുകളാണ് സർക്കാരിന്. ഉള്ള സമയം അടിച്ചു പൊളിക്കാന്‍ തന്നെയാണ് തീരുമാനം. സർക്കാരിന്‍റെ അർമാദമൊക്കെ പാവങ്ങളുടെ കണ്ണില്‍ പൊടിയിട്ടിട്ടാണ് എന്ന് മാത്രം.

നിയമസഭ മന്ദിരത്തിൽ നിർമ്മിക്കാൻ തീരുമാനിച്ച ആദ്യ മുഖ്യമന്ത്രിയുടെ സ്മൃതി മണ്ഡപത്തിനായി വീണ്ടും 45 ലക്ഷം രൂപ അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിട്ടു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക നീക്കിയിരിക്കുന്നത്. സ്പീക്കർ എ.എൻ. ഷംസീർ ഇതിന് അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതിനു മുൻപ് 2019-ലാണ് ഈ സ്മൃതി മണ്ഡപം നിർമ്മിക്കാനുള്ള തീരുമാനം. എന്നാൽ, പദ്ധതിയുടെ നടത്തിപ്പ് സംശയാസ്പദമായതായി ആരോപണമുയർന്നതോടെ സർക്കാർ അതു നിർത്തിവച്ചിരുന്നു.

പദ്ധതി ഉപേക്ഷിച്ചുവെങ്കിലും ഇപ്പോൾ അതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനം. കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ലൈബ്രറി പൊളിച്ചുമാറ്റിയാണ് സ്മൃതി മണ്ഡപം നിർമ്മിക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഈ പദ്ധതി വീണ്ടും സജീവമാക്കുന്നത്. അതേസമയം, സർക്കാർ ധനസമാഹരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ചെറുകിട പെൻഷനുകളും ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകളും കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയുന്നില്ല. ഇതിന് പിന്നാലെയാണ് സർക്കാരിന്‍റെ ചിലവ് കൂട്ടുന്ന സ്മൃതി നിർമ്മാണം നടപ്പാക്കാനുള്ള തീരുമാനം.

ഭരണകാലാവധി അവസാനിക്കാന്‍ ഒരുവർഷത്തോളം മാത്രമുള്ളപ്പോൾ ഇത്തരം ചെലവുകൾക്കുള്ള സർക്കാർ അനുമതി തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ, അധികാരത്തിലെത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ച പദ്ധതിയാണ് ഇത് എന്ന നിലയിൽ സർക്കാരിന് അതു പൂർത്തിയാക്കേണ്ടതായിരിക്കുമെന്നാണ് വിശദീകരണം.