കർഷക സമരം : കേന്ദ്ര സർക്കാരിന്‍റെ ധാർഷ്ട്യം വ്യക്തമാകുന്നു ; നിയമങ്ങൾ പിൻവലിക്കാതെ നീക്ക് പോക്കില്ല : കിസാന്‍ മോർച്ച

Jaihind Webdesk
Sunday, June 20, 2021

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് കർഷകസംഘടനകൾ. നിയമങ്ങൾ പിൻവലിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന സർക്കാരിന്‍റെ ധാർഷ്ട്യം വ്യക്തമാക്കുന്നതെന്ന് കർഷകസംഘടനകൾ പ്രതികരിച്ചു. നിയമങ്ങൾ പിൻവലിക്കാതെ നീക്ക് പോക്കില്ലെന്നും കിസാൻ മോർച്ച അറിയിച്ചു.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ സമരം തുടരുമ്പോളും നിയമങ്ങൾ സംബന്ധിച്ച് ചർച്ചയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ ഈ നിലപാട് തിരുത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയ കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമർ, നിയമങ്ങളിൽ ഭേദഗതി വരുത്താൻ ചർച്ചയാകാമെന്ന് അറിയിച്ചു. കൃഷിമന്ത്രിയുടെ പ്രസ്താവന വിശദമായി ചർച്ച ചെയ്ത സംയുക്ത കിസാൻ മോർച്ച കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ്.

നിയമങ്ങൾ പൂ‍ർണ്ണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നിയമത്തിൽ ഭേദഗതി വരുത്താനല്ല സമരം. അതിനാൽ ഇത്തരം പ്രസ്താവനകൾ കൊണ്ട് കർഷകരോഷം തണുപ്പിക്കാനാകുമെന്ന് കേന്ദ്രം കരുതേണ്ടെന്നെന്നും പ്രഖ്യാപിച്ച സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കിസാൻ മോർച്ച അറിയിച്ചു.