
കേരളത്തിലെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്കരണ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ഈ ഹര്‍ജികള്‍ നവംബര്‍ 26-ന് വീണ്ടും പരിഗണിക്കും. കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി അറിയിച്ചെങ്കിലും, എസ്.ഐ.ആര്. നടപടികള്‍ക്ക് നിലവില്‍ അടിയന്തര സ്റ്റേ അനുവദിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗം കേട്ടതിനു ശേഷമായിരിക്കും എസ്.ഐ.ആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.
കേരളത്തിലെ നിലവിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹര്‍ജികള്‍ മാത്രം ഉടന്‍ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകന് ഹാരിസ് ബീരാന് വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന് ഇന്ന് കോടതിയില്‍ ഹാജരായില്ല. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന് ഹാജരാകാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം. തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും നല്കിയ ഹര്‍ജികളാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ എസ്.ഐ.ആര്. നടത്തുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കേരളം വാദിക്കുന്നത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്.ഐ.ആര്. മാറ്റിവയ്ക്കണം എന്നതായിരുന്നു സര്‍ക്കാര്‍ ഹര്‍ജിയിലെ പ്രധാന ആവശ്യം. എസ്.ഐ.ആര്. ഭരണഘടനാ വിരുദ്ധമാണ് എന്നും പാര്‍ട്ടികള്‍ അവരുടെ ഹര്‍ജികളില്‍ വാദിച്ചിരുന്നു.