6 മാസമായി ശമ്പളമില്ല, ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ അനിശ്ചിതകാല സത്യഗ്രഹത്തില്‍; കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം

സ്വകാര്യ ടെലികോം കമ്പനികൾക്ക് 4 ജി, 5 ജി സ്‌പെക്ട്രം അനുവദിക്കാൻ തയ്യാറെടുക്കുന്ന കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എൻഎല്ലിനെയും, എടിഎൻഎല്ലിനെയും കണ്ടില്ലെന്ന് നടിക്കുന്നതായി കോൺഗ്രസ് എം.പി റിപുൻ ബോറ. എംടിഎൻഎല്ലിലെ 45,000 ത്തോളം ജീവനക്കാർക്കും 1.74 ലക്ഷം ബിഎസ്എൻഎൽ ജീവനക്കാർക്കും മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ അഞ്ച് മാസമായി ബിഎസ്എൻഎൽ കേരളാ സർക്കിളിലുള്ള ജീവനക്കാർ ശമ്പളമില്ലെന്നാണ് പരാതി. കരാർ ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. ആറായിരത്തോളം കരാർ ജീവനക്കാരാണ് ബി.എസ്.എൻ.എൽ കേരളാ സർക്കിളിൽ ജോലിചെയ്യുന്നത്. കേബിൾ, ബ്രോഡ്ബാൻഡ് അറ്റകുറ്റപ്പണി, കസ്റ്റമർ കെയർ സെന്റർ അസിസ്റ്റന്‍റ് തുടങ്ങിയ ജോലികളിലാണ് പ്രധാനമായും കരാർ ജീവനക്കാരെ നിയമിച്ചിരുന്നത്.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ, നഷ്ടത്തെ തുടർന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്‍റെ മുന്നോടിയായാണ് കരാർ ജീവനക്കാർക്ക് ശമ്പളം നൽകാത്തത് എന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പലയിടത്തും കസ്റ്റമർ കെയർ സെന്ററുകൾ പൂട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ ശമ്പളത്തിനായി യാചിക്കുകയാണ് ബിഎസ്എൻഎല്ലിലെ കരാർ ജോലിക്കാർ. എന്നാൽ ഇവരെ കാത്തിരിക്കുന്നത് പിരിച്ചുവിടൽ നോട്ടീസാണ്.

അതേസമയം, ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജർ ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ജൂലൈ ഒന്നുമുതൽ പ്രക്ഷോഭം ജില്ലാ ഓഫീസുകൾക്കു മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് സമര സമിതിയുടെ നിലപാട്.

Comments (0)
Add Comment