ട്രംപിനായി വോട്ട് അഭ്യർത്ഥിച്ചപ്പോള്‍ ഒരു ചോദ്യവും ഇല്ല ; ഇപ്പോള്‍ അസ്വസ്ഥരാകുന്നത് എന്തിന് ? ബിജെപിക്കെതിരെ അധീര്‍ രഞ്ജന്‍ ചൗധരി

Jaihind News Bureau
Friday, February 5, 2021

 

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ‘അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന് ചില ദേശീയവാദികള്‍ അമേരിക്കയില്‍ പോയി അഭ്യര്‍ഥന നടത്തിയപ്പോള്‍ ഒരു ചോദ്യവും ഉന്നയിക്കാതിരുന്നവര്‍ റിഹാനയും ഗ്രെറ്റ ത്യുന്‍ബെർഗും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം.

‘അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന് അഭ്യര്‍ഥന നടത്തിയപ്പോഴും കറുത്ത വര്‍ഗക്കാര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ നാം അപലപിച്ചപ്പോഴും ആരും ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍, നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗായികയായ റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയും എത്തിയപ്പോള്‍ നാം വല്ലാതെ അസ്വസ്ഥരാകുന്നത് എന്തിനാണ്? അദ്ദേഹം ചോദിച്ചു.

നാം ഇന്ന് ജീവിക്കുന്നത് ഒരു ആഗോള ഗ്രാമത്തിലാണ്. ആത്മപരിശോധന നടത്തുന്നതിനു പകരം ഏതു വിമര്‍ശനത്തെയും നാം ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? നമ്മുടെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കൊണ്ടാണ് നാമെല്ലാം വളര്‍ന്നത്. ആ കര്‍ഷകര്‍ക്ക് നാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് വേണ്ടത്, അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.