ഇന്ധനക്ഷാമത്തില്‍ ആശങ്ക വേണ്ട; പരിഭ്രാന്തരായി വാങ്ങിക്കൂട്ടുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്യരുതെന്ന് എണ്ണക്കമ്പനികള്‍

Jaihind News Bureau
Friday, May 9, 2025

പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനശേഖരം ലഭ്യമാണെന്ന ഉറപ്പുമായി പൊതുമേഖലാ  പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവ പരിഭ്രാന്തരായി വാങ്ങിക്കൂട്ടുകയോ പൂഴ്ത്തിവെക്കുകയോ ചെയ്യരുതെന്നും പ്രമുഖ പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ വെള്ളിയാഴ്ച ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ (മുമ്പ് ട്വിറ്റര്‍) കുറിച്ചത് ഇങ്ങനെ: ‘#IndianOil ന് രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധന ശേഖരമുണ്ട്, ഞങ്ങളുടെ വിതരണ ശൃംഖലകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ പരിഭ്രാന്തരായി വാങ്ങേണ്ട ആവശ്യമില്ല – ഇന്ധനവും എല്‍പിജിയും ഞങ്ങളുടെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ശാന്തരായിരിക്കുകയും അനാവശ്യ തിരക്ക് ഒഴിവാക്കുകയും ചെയ്യുക. നിങ്ങളെ മികച്ച രീതിയില്‍ സേവിക്കാന്‍ ഞങ്ങളെ സഹായിക്കുക. ഇത് ഞങ്ങളുടെ വിതരണ ശൃംഖലകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാനും എല്ലാവര്‍ക്കും തടസ്സമില്ലാത്ത ഇന്ധന ലഭ്യത ഉറപ്പാക്കാനും സഹായിക്കും.’


ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ റിഫൈനറും ഇന്ധന വിതരണക്കാരുമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍) എക്സില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ: ‘ഞങ്ങളുടെ രാജ്യവ്യാപക ശൃംഖലയിലുടനീളം പെട്രോള്‍, ഡീസല്‍, സിഎന്‍ജി, എല്‍പിജി എന്നിവയുടെ മതിയായ സ്റ്റോക്ക് ലഭ്യമാണെന്ന് ബിപിസിഎല്‍ എല്ലാ പൗരന്മാര്‍ക്കും ഉറപ്പ് നല്‍കുന്നു. ഞങ്ങളുടെ എല്ലാ ഫ്യൂവല്‍ സ്റ്റേഷനുകളും എല്‍പിജി ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പുകളും സുഗമമായി പ്രവര്‍ത്തിക്കുകയും ഉപഭോക്താക്കളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പൂര്‍ണ്ണമായും സജ്ജമാവുകയും ചെയ്തിട്ടുണ്ട്. ആശങ്കയ്ക്കോ പരിഭ്രാന്തമായ വാങ്ങലിനോ യാതൊരു കാരണവുമില്ല. ഞങ്ങളുടെ വിതരണ ശൃംഖല പ്രവര്‍ത്തനങ്ങള്‍ ശക്തവും കാര്യക്ഷമവുമായി തുടരുന്നതിനാല്‍, തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനാല്‍ എല്ലാ ഉപഭോക്താക്കളോടും ശാന്തരായിരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.’

കഴിഞ്ഞ മൂന്ന് ദിവസമായി ചിലയിടങ്ങളില്‍ അവശ്യസാധനങ്ങളും ഇന്ധനവും പരിഭ്രാന്തരായി വാങ്ങിക്കൂട്ടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജമെന്ന് സര്‍ക്കാര്‍ തള്ളിക്കളഞ്ഞ ചില വൈറല്‍ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പരത്തിയ ആശങ്കയാണ് ഇതിന് പ്രധാന കാരണം. ഇതിന് പിന്നാലെയാണ് എണ്ണക്കമ്പനികളുടെ അറിയിപ്പ് വന്നത്.