പി. ചിദംബരത്തിന് ക്ലീന്‍ ചിറ്റ്; അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്ന് സിബിഐ

Jaihind News Bureau
Friday, August 14, 2020

 

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്ന് സി.ബി.ഐ. ബോംബെ ഹൈക്കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. നാഷണല്‍ സ്‌പോട് എക്‌സ്‌ചേഞ്ച് ലിമിറ്റഡിനെ തകര്‍ക്കാന്‍ ചിദംബരവും ഉദ്യോഗസ്ഥരും ശ്രമിച്ചു എന്നായിരുന്നു 63 മൂണ്‍സ് ടെക്‌നോളജീസിന്‍റെ ആരോപണം.

ചിദംബരത്തിനെതിരെ 63 മൂണ്‍സ് ടെക്‌നോളി ഉയര്‍ത്തിയ അഴിമതി ആരോപണം കെട്ടിച്ചമച്ചതെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.  ഇത് ശരിവെക്കുന്ന നിരീക്ഷണങ്ങളാണ് സി ബി ഐ കോടതിയിൽ അറിയിച്ചിരിക്കുന്നത്. ചിദംബരത്തിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ട തെളിവില്ലെന്നും സി.ബി.ഐ അറിയിച്ചു. പരാതിക്കാരൻ മറ്റ് രേഖകൾ ഒന്നും ഹാജരാക്കിയില്ല എന്നും സിബിഐ വ്യക്തമാക്കി. സി.ബി.ഐ അഭിഭാഷകന്‍ ഹിതെന്‍ വെനെഗാവ്കര്‍ ബോംബൈ ഹൈക്കോടതിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേസ് സാമ്പത്തിക വിഭാഗത്തിന് കീഴിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറിയതായും സിബിഐ കോടതിയിൽ അറിയിച്ചു.

ജസ്റ്റിസ് സാധന ജാദവ്, എന്‍.ജെ ജാംദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഉന്നതതലത്തിൽ അഴിമതിയും ഗുഢാലോചനയും നടന്നതിനാൽ അന്വേഷണം ആവശ്യമാണ് എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ചിദംബരത്തെ കൂടാതെ ഉദ്യോഗസ്ഥരായ കെ.പി കൃഷ്ണന്‍, രമേശ് അഭിഷേക് എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന  2012-2013ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്നു. അഭിഷേക് ഫോര്‍വേഡ് മാര്‍ക്കറ്റ്‌സ് കമ്മിഷന്‍ ചെയര്‍മാനും കഷ്ണന്‍ ധനമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും ആയിരുന്നു. കേസ് മൂന്ന് മസത്തിന് ശേഷം വീണ്ടും പരിഗണിക്കും.