സിനിമയിലുണ്ടായ പ്രശ്‌നം സിനിമയ്ക്കുള്ളില്‍ തീര്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നടി വിന്‍സി അലോഷ്യസ് . സിനിമാ സെറ്റിലുണ്ടായ അനുഭവത്തെകുറിച്ച് പോലീസില്‍ പരാതിപ്പെടാനോ നിയമപരമായി നീങ്ങാനോ ഉദ്ദേശ്യമില്ലെന്നും വിന്‍സി പറഞ്ഞു. സിനിമാ സെറ്റിലെ മാറ്റമാണ് ലക്ഷ്യം. ഇതനുസരിച്ചാണ് സിനിമയിലെ ആഭ്യന്തരപരാതി സെല്ലായ ഐസിസിയില്‍ പരാതി നല്‍കിയത്. ഒപ്പം ഫിലിം ചേംബറിന്റെ മോണിറ്ററിംഗ് കമ്മിറ്റിയിലും പരാതിപ്പെട്ടു. അപമര്യാദയോടെ പെരുമാറിയ നടന്റെ പേര് പുറത്തു പറയാന്‍ തയ്യാറല്ലെന്നും വിന്‍സി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സിനിമയിലെ ഒരു മാറ്റമാണ് താന്‍ അഗ്രഹിക്കുന്നത്. പരാതിയുമായി പോലീസിനെ സമീപിക്കില്ല. സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിയില്‍ തീരുമാനം ആക്കേണ്ട കാര്യമാണ്. ഇത് സിനിമയിലാണ് സംഭവിച്ചിട്ടുള്ളത്. സിനിമയ്ക്കുള്ളില്‍ സംഭവിച്ചത് സിനിമയ്ക്ക് ഉള്ളില്‍ തന്നെ തീര്‍ക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആദ്യം സിനിമയിലാണ് ഒരു മാറ്റം ഉണ്ടാകേണ്ടത്. സിനിമ സംഘടനകള്‍ പറഞ്ഞാല്‍ മാത്രമേ ഞാന്‍ പോലീസുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തയ്യാറാവുകയുള്ളൂ. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല അതുകൊണ്ട് എനിക്ക് നീതി ലഭിക്കും എന്ന് തന്നെ കരുതുന്നതായും വിന്‍സി വ്യക്തമാക്കി
‘ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ നിലത്ത് പോലും നില്‍ക്കാന്‍ പറ്റാത്ത രീതിയിലുള്ള പെരുമാറ്റവും രീതിയുമായിരിക്കും. ഓരോ സ്ത്രീകളോടും മോശമായിട്ടുള്ള കമന്റുകളാണ് നടനില്‍ നിന്നും ഉണ്ടാകുന്നത് . എന്നോടും ഒരു പുതുമുഖ നടിയോടും ഇങ്ങനെ പെരുമാറി. ആ കുട്ടി സിനിമയില്‍ പുതിയതാണ്. ഭയങ്കര ബുദ്ധിമുട്ട് കുട്ടി നേരിട്ടു. ബുദ്ധിമുട്ട് മനസില്‍ അടക്കി ആ കുട്ടി ഇരുന്നു. എന്തെങ്കിലും പരാതിപ്പെട്ടാല്‍ കരിയറിനെ ബാധിക്കില്ലേയെന്ന ഭയം കുട്ടിക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ തുറന്നു പറയാന്‍ ധൈര്യമുണ്ടെന്ന് പറയുന്നുണ്ട്. ഞാന്‍ നല്‍കിയ പരാതിയില്‍ ആ നടിയുടെ അനുഭവവും പരാമര്‍ശിച്ചിട്ടുണ്ട്’, വിന്‍സി പറഞ്ഞു.
അമ്മ ഉള്‍പ്പടെയുള്ള എല്ലാ സംഘടനകളില്‍ നിന്നും ആളുകള്‍ വിളിച്ചെന്നും പിന്തുണ അറിയിച്ചെന്നും വിന്‍സി. കൂട്ടിച്ചേര്‍ത്തു.