കോഴിക്കോട് : തന്നെ കുറിച്ച് കളവ് പറഞ്ഞ തട്ടിപ്പുകേസിലെ പ്രതി മോൻസണെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. മോന്‍സണുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ല. തന്നെയും കോൺഗ്രസിനെയും നശിപ്പിക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് സിപിഎം നിലവിലെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കെ സുധാകരൻ എംപി പറഞ്ഞു.
തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസണിന്‍റെ അടുത്ത് താൻ പോവുകയും കാണുകയും ചികിത്സ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പത്ത് ദിവസം താൻ ചികിത്സ നടത്തി എന്ന പ്രചരണം കളവാണ്. തന്‍റെ ഫോട്ടോ വെച്ച് ക്രൂശിക്കുന്നവർ മറ്റ് വിഐപികളുടെ ഫോട്ടോകൾ ഒന്നും കാണുന്നില്ലേയെന്നും മോൻസണിന്‍റെ ബിസിനസുമായി ബന്ധപ്പെട്ട് ഒരു ഇടപെടലും ഇതുവരെ നടത്തിയിട്ടില്ലന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. തന്നെ ഉപയോഗിച്ച് കച്ചവടം ഉറപ്പിക്കാൻ മോൻസണ്‍ ശ്രമിച്ചിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. മോൻസണിന്‍റെ തട്ടിപ്പുമായി ബന്ധപ്പെട്ട മന്ത്രിമാരെയും മറ്റ് ഉന്നതരെയും കുറിച്ച് അന്വേഷിക്കുന്നില്ലെന്നും മോൻസണ് സുരക്ഷിതത്വം നൽകിയത് സംസ്ഥാന സർക്കാറാണെന്നും കെ സുധാകരൻ എംപി പറഞ്ഞു.
കെപിസിസിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് എഐസിസി നൽകുന്നതെന്നും എല്ലാ പ്രശ്നങ്ങളും തീർത്ത് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. താഴേ തട്ടിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പാലക്കാട് ജില്ലയിലെ കരിമ്പുഴ അറ്റാശേരിയിൽ നടക്കുമെന്നും കെ സുധാകരൻ എംപി അറിയിച്ചു.